ന്യൂഡൽഹി: ഇന്ത്യക്കാരുടെ വിദേശത്തുള്ള വെളിപ്പെടുത്താത്ത സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ ആദായനികുതി വകുപ്പിനുകീഴിൽ പ്രത്യേക വിഭാഗം രൂപവത്കരിച്ചു. വിദേശത്തുള്ള സ്വത്തും കള്ളപ്പണ നിക്ഷേപവും അന്വേഷിക്കുകയാണ് ലക്ഷ്യം. നികുതി വകുപ്പിന്റെ 14 അന്വേഷണ ഡയറക്ടറേറ്റുകളിലും ഫോറിൻ അസറ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്‌സ്(എഫ്.എ.ഐ.യു.) എന്ന ഈ വിഭാഗം പ്രവർത്തിക്കും. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിലെ 69 തസ്തികകൾ ഇതിലേക്കു മാറ്റിയിട്ടുണ്ട്.
നികുതി സുതാര്യത ഉറപ്പാക്കാനും കള്ളപ്പണ ഇടപാട്, ഭീകരപ്രവർത്തനത്തിനു സഹായം നൽകൽ എന്നിവ തടയാനുമായി അന്താരാഷ്ട്രതലത്തിൽ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്, ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്‌സ് എന്നിവ പലതലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഫലമായി നികുതി, നിക്ഷേപങ്ങൾ സംബന്ധമായ ഒട്ടേറെ ഡേറ്റ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഇതിനുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ പരിശോധിക്കാനും കൂടുതൽ അന്വേഷണത്തിനുമാണ് പ്രത്യേകവിഭാഗം രൂപവത്കരിച്ചത്.
ഡബിൾ ടാക്‌സേഷൻ അവോയ്‌ഡൻസ് എഗ്രിമെന്റ് (ഡി.ടി.എ.എ.), ടാക്‌സ് ഇൻഫർമേഷൻ എക്സ്‌ചേഞ്ച് എഗ്രിമെന്റ് (ടി.ഐ.ഇ.എ.), ഫോറിൻ അക്കൗണ്ട്‌സ് ടാക്‌സ് കംപ്ലയൻസ് ആക്ട് (എഫ്.എ.ടി.സി.എ.) മുതലായവ വഴിയാണ് ഇന്ത്യക്ക് വിദേശനിക്ഷേപം സംബന്ധിച്ച വിവരങ്ങൾ മറ്റു രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നത്.