കൊൽക്കത്ത: സർക്കാരിൽ ഔദ്യോഗികസ്ഥാനങ്ങളൊന്നുമില്ലാത്ത ബി.ജെ.പി. ദേശീയ നേതാവിനെ പശ്ചിമ ബംഗാൾ ഗവർണർ അങ്ങോട്ടുചെന്ന് കണ്ടത് വിവാദമായി. ബി.ജെ.പി. അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെയാണ് ഗവർണർ ജഗ്‌ദീപ് ധൻഖർ ന്യൂഡൽഹിയിലെത്തി കണ്ടത്.
മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ചനടത്തി മൂന്നു ദിവസത്തിനകമാണ് ഗവർണറുടെ ന്യൂഡൽഹി യാത്രയെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട ഗവർണർ സന്ദർശന വിവരവും ഫോട്ടോയും ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ബി.എൽ. സന്തോഷിനെ ചെന്നുകണ്ടത് രഹസ്യമാക്കി. സംഭവം വിവാദമായപ്പോൾ സൗഹൃദ സന്ദർശനമായിരുന്നു എന്നാണ് ഗവർണർ വിശദീകരിച്ചത്. സി.പി.എം. നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയുടെ രോഗശയ്യയിലുള്ള ചിത്രമടക്കം പല സൗഹൃദ സന്ദർശനങ്ങളുടെ വിവരവും ട്വീറ്റ് ചെയ്തിട്ടുള്ള ഗവർണർ ഈ സന്ദർശനം എന്തിനു മറച്ചുപിടിച്ചുവെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്ന ചോദ്യം.
ഗവർണർ ബി.ജെ.പി. ക്കാരനെപ്പോലെ പെരുമാറുന്നുവെന്നും ഭരണഘടനാ പദവിയുടെ മാന്യത കാട്ടുന്നില്ലെന്നും ഭരണകക്ഷിയായ തൃണമൂൽ സ്ഥിരമായി ആക്ഷേപമുന്നയിക്കുന്നുണ്ട്. ഗവർണറെ നീക്കണമെന്നാവശ്യപ്പെട്ട് അവർ രാഷ്ട്രപതിക്ക് നിവേദനവും നൽകിയിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ വിവാദം.