മുംബൈ: മുംബൈയിലും ബാന്ദ്രയിലും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) നടത്തിയ തിരച്ചിലിൽ 200 കിലോഗ്രാം കഞ്ചാവ് പിടിച്ചു. ബോളിവുഡ് താരങ്ങളുമായി ബന്ധമുള്ള സഹോദരിമാരെയും ബ്രിട്ടീഷ് പൗരനെയും അറസ്റ്റുചെയ്തു. ബിസിനസ് ആവശ്യത്തിനായി പതിനഞ്ചുമാസമായി ഇന്ത്യയിൽ കഴിയുന്ന കരൺ സജ്‌നാനി എന്ന ബ്രിട്ടീഷ് പൗരനെയും ഇയാളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന രാഹില ഫർണിച്ചർവാലയെയും സഹോദരി ഷയിസ്തയെയുമാണ് ശനിയാഴ്ച എൻ.സി.ബി. അറസ്റ്റുചെയ്തത്.

നടി ദിയമിർസയുടെ മാനേജരായിരുന്നയാളാണ് രാഹില. സുശാന്ത് സിങ് രാജ്പുത്ത് കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി. അറസ്റ്റുചെയ്ത അനുജ് കേശ്വാനിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് കരൺ ആണെന്ന് എൻ.സി.ബി. പറയുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബാന്ദ്രയിൽ നടത്തിയ തിരച്ചിലിൽ ഒരു ഇടപാടുകാരനിൽനിന്ന് ശനിയാഴ്ച എൻ.സി.ബി. 75 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത മയക്കുമരുന്ന് മുംബൈയിലെ പ്രമുഖ വ്യക്തികൾക്ക് വിതരണം ചെയ്യാനുള്ളതാണെന്ന് പിടിയിലായയാൾ മൊഴി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്തുനിന്ന് കരൺ അറസ്റ്റിലായത്. കരണിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹിലയും ഷയിസ്തയും അറസ്റ്റിലായത്. മൂവരിൽനിന്നുമായി 125 കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു.

മുംബൈയിലെ പ്രമുഖവ്യക്തികൾക്ക് ഇറക്കുമതിചെയ്ത കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് കരൺ ആണെന്ന് എൻ.സി.ബി പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനുവേണ്ട സാമ്പത്തികസഹായം നൽകിയിരുന്നത് രാഹില ഫർണിച്ചർവാലയാണ്. മയക്കുമരുന്നു കൈവശം വെച്ചതുകൊണ്ടാണ് രാഹിലയുടെ സഹോദരിയെയും അറസ്റ്റു ചെയ്തത്.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടർച്ചയായാണ് എൻ.സി.ബി. തിരച്ചിൽ ശക്തമാക്കിയത്. ഇന്ത്യയിലെ മയക്കുമരുന്ന് ഇടപാടുകാരുടെ പ്രധാന ലക്ഷ്യകേന്ദ്രമായി മുംബൈ മാറിയിരിക്കുകയാണെന്ന് എൻ.സി.ബി. പറഞ്ഞിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് സുഹൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ റിഷികേശ് പവാറിന് എൻ.സി.ബി. സമൻസ് അയച്ചിരുന്നു. എന്നാൽ റിഷികേശ് ഒളിവിൽ പോയതായി എൻ.സി.ബി. അറിയിച്ചു.