ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻറെ കുറവ് നേരിടുന്നതായും ലഭ്യത വർധിപ്പിക്കണമെന്നും കേന്ദ്രസർക്കാരിനോട് സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ഛത്തീസ്ഗഢ്, ഒഡിഷ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, അസം സംസ്ഥാനങ്ങളാണ് കുറച്ചു ദിവസങ്ങൾക്കുള്ള ഡോസുകൾ മാത്രമേ തങ്ങളുടെ പക്കലുള്ളൂവെന്ന് വ്യക്തമാക്കിയത്.

എന്നാൽ, ആവശ്യമായ വാക്സിൻ ഡോസുകൾ രാജ്യത്തുണ്ടെന്നും ജനങ്ങളെ ഭയപ്പെടുത്തുന്നത് സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും മതിയായ വാക്സിൻ ലഭ്യമാക്കുമെന്ന് േകന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.

കുറഞ്ഞ വാക്സിൻ ഡോസുകൾ മാത്രമാണ് ലഭിച്ചതെന്നും ഭൂരിഭാഗം കുത്തിവെപ്പ് കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും മഹാരാഷ്‌ട്ര മന്ത്രി അസ്‌ലം ഷെയ്ഖ് ശനിയാഴ്ച പറഞ്ഞു. മൂന്നുദിവസംകൂടി വിതരണം ചെയ്യാനുള്ള വാക്സിൻ മാത്രമേ സംസ്ഥാനത്ത് ബാക്കിയുള്ളൂവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. മതിയായ വാക്സിൻ എത്തിച്ചില്ലെങ്കിൽ പത്തുദിവസത്തിനകം വാക്സിൻ വിതരണം നിലയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

വാക്സിൻ പര്യാപ്തമായി ലഭിക്കുന്നില്ലെന്നത് യാഥാർഥ്യമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും വ്യക്തമാക്കി. വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഒഡിഷ പ്രധാനമന്ത്രി നവീൻ പട്നായിക് 25 ലക്ഷം വാക്സിൻ ഡോസുകൾ ആവശ്യപ്പെട്ടിരുന്നു.