ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കർഷകർ സമരം നിർത്തിവെക്കണമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. ക്രിയാത്മക നിർദേശവുമായി കർഷകർ എപ്പോൾ മുന്നോട്ടുവന്നാലും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങൾ കൊണ്ടുവരികയാണ്. സമരത്തിലുള്ള കർഷകരും ഇതു പാലിക്കണം. കർഷകരുടെ ജീവൻ സർക്കാരിന് പ്രധാനപ്പെട്ടതാണ്. പുതിയ കാർഷികനിയമങ്ങളോട് പല കർഷകസംഘടനകളും അനുകൂലിച്ചിട്ടുണ്ട്. കർഷകർക്കായാലും ജനങ്ങൾക്കായാലും ഒരു വിഷയത്തിൽ സംശയമുയർന്നാൽ അത് തീർത്തു പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നീണ്ട കാലത്തെ ചർച്ചയ്ക്കു ശേഷമാണ് നിയമങ്ങൾ രൂപപ്പെടുത്തിയത്. പതിനൊന്നു വട്ടം സർക്കാർ ചർച്ച നടത്തി. എന്നിട്ടും കർഷകർ സമരം അവസാനിപ്പിച്ചില്ല. ഒരു സമിതിയെ വെക്കാമെന്നും ഒന്നരവർഷത്തേക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്നും ഉറപ്പ് നൽകിയതാണ്. എന്നാൽ കർഷകർ ഇത് സ്വീകരിച്ചില്ല.

സമിതിയുടെ നിർദേശങ്ങൾ സ്വീകാര്യമല്ലെങ്കിൽ കർഷകർക്ക് സമരം പുനരാരംഭിക്കാം. ഡൽഹി അതിർത്തിയിലെ സമരം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന വസ്തുത കർഷകർ തിരിച്ചറിയണമെന്നും തോമർ പറഞ്ഞു.