ചെന്നൈ: അതിവേഗ തീവണ്ടികളിലെ എ.സി. ജനറൽ കോച്ചുകളുടെ നിർമാണത്തിനുള്ള നടപടികൾ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ പുരോഗമിക്കുന്നു.

രാജധാനി, ശതാബ്ദി, തുരന്തോ, തേജസ്, എ.സി. എക്സ്പ്രസുകൾ എന്നിവയിൽ ഇരുന്ന്‌ യാത്രചെയ്യാവുന്ന ജനറൽ എ.സി. കോച്ചുകളാണ് ഉൾപ്പെടുത്തുന്നത്. അടുത്തവർഷം ജനുവരിയോടെ കോച്ച് പുറത്തിറക്കും.

നൂറിൽക്കൂടുതൽപേർക്ക്‌ ഇരുന്നുയാത്രചെയ്യാവുന്ന ജനറൽ എ.സി. എൽ.എച്ച്.ബി. കോച്ചുകളാണ് രൂപകല്പന ചെയ്യുന്നത്. 130 മുതൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടികളിലാണ് എ.സി. ജനറൽ കോച്ചുകൾ ഉൾപ്പെടുത്തുന്നത്.

110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാവുന്ന ഒരു ജനറൽ കോച്ച് നിർമിക്കാൻ 2.24 കോടി രൂപയാണ് ചെലവാകുന്നത്. കോച്ചിന്റെ രൂപകല്പനയും സാധ്യതാപഠനവും പൂർത്തിയാകുന്നതോടെ ഒരുകോച്ച് നിർമിക്കാൻ ചെലവാകുന്ന തുക സംബന്ധിച്ച് ഏകദേശധാരണ ലഭിക്കുമെന്ന് ഐ.സി.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചു. രൂപകല്പന കഴിഞ്ഞാൽ നിർമാണം ഉടൻ ആരംഭിക്കും. ജനുവരിയിൽ ആദ്യ കോച്ചുകൾ പുറത്തിറങ്ങും.

തീവണ്ടികൾക്ക് എ.സി. ജനറൽ കോച്ചുകൾ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ എൽ.എച്ച്.ബി. കോച്ചുകൾ മാത്രമുള്ള സൂപ്പർ ഫാസ്റ്റ് തീവണ്ടികളിലും ഭാവിയിൽ എ.സി. ജനറൽ കോച്ചുകൾ ഏർപ്പെടുത്തും. ജനറൽ കോച്ചുകളിൽ പോകുന്നവർക്കും മികച്ചസൗകര്യത്തോടെയുള്ള യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.

എ.സി. ജനറൽ കോച്ചുകളിൽ യാത്രചെയ്യാൻ മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യണം. ഇരുന്നുള്ള യാത്രയാണ് അനുവദിക്കുക. നിരക്ക് പിന്നീട് തീരുമാനിക്കും. അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താവുന്ന രീതിയിൽ മികച്ച സൗകര്യങ്ങളോടെയുള്ള യാത്ര എല്ലാവർക്കും സാധ്യമാക്കാനാണ് ശ്രമമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.