ന്യൂഡൽഹി: ഇക്കൊല്ലത്തെ സെൻസസിൽ രാജ്യത്തെ പിന്നാക്കവിഭാഗങ്ങളുടെ കണക്കെടുപ്പുകൂടി നടത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കില്ലെന്ന് സൂചന. ഈയാവശ്യമുന്നയിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ സാമൂഹികക്ഷേമമന്ത്രാലയം അനുകൂലനിലപാട് സ്വീകരിക്കണമെന്ന് ദേശീയ പിന്നാക്കവിഭാഗ കമ്മിഷൻ അഭ്യർഥിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയനേതൃത്വത്തിന് അതിനോട് യോജിപ്പില്ലെന്നാണറിയുന്നത്.

2021-ലെ സെൻസസിനോടൊപ്പം ഒ.ബി.സി. വിഭാഗങ്ങളുടെ കണക്കെടുപ്പും നടത്തുമെന്ന് 2018-ൽ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല.

യു.പി.എ. സർക്കാരിന്റെ കാലത്ത് സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കാക്കാൻ പ്രത്യേകം സെൻസസ് നടത്തിയിരുന്നെങ്കിലും അതിന്റെ ഡേറ്റ പുറത്തുവിട്ടിട്ടില്ല. ഈ സെൻസസിൽ ഒ.ബി.സി. വിഭാഗങ്ങളുടെ കണക്കെടുപ്പും നടന്നിരുന്നു. ആ സെൻസസിന്റെ ഡേറ്റ ലഭ്യമാക്കണമെന്ന് ഒ.ബി.സി. വിഭാഗങ്ങൾക്കിടയിൽ സംവരണത്തിന് കൂടുതൽ അർഹരായ ഉപവിഭാഗങ്ങളെ കണ്ടെത്താൻ രൂപവത്കരിച്ച ജസ്റ്റിസ് രോഹിണി കമ്മിഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയിട്ടില്ല. കമ്മിഷൻ ഇതുവരെ അന്തിമറിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

പിന്നാക്കവിഭാഗങ്ങൾക്ക് കേന്ദ്രസർവീസിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും 27 ശതമാനം സംവരണമാണുള്ളത്. മുമ്പ്‌ പലതവണ സംവരണവുമായി ബന്ധപ്പെട്ട കേസുകളിൽ വാദം നടക്കുമ്പോൾ ഒ.ബി.സി. വിഭാഗങ്ങളുടെ യഥാർഥ ജനസംഖ്യ ലഭ്യമല്ലാത്ത കാര്യം കോടതിയുടെ ശ്രദ്ധയിൽവന്നിരുന്നു. 1931-ലാണ് അവസാനമായി ജാതി സെൻസസ് നടത്തിയത്.