മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖിന് എതിരെയുയർന്ന അഴിമതി ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുന്ന സി.ബി.ഐ. സംഘം അറസ്റ്റു ചെയ്യപ്പെട്ട പോലീസ് ഓഫീസർ സച്ചിൻ വാസേയെ തുടർച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തു. സച്ചിൻ വാസേയുടെയും സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഓഫീസർ വിനായക് ഷിന്ദേയുടെയും ഡയറി പരിശോധനയ്ക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ. കോടതിയിൽ സി.ബി.ഐ. ഹർജി നൽകിയിട്ടുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ ബോംബുവെച്ച കേസിൽ അറസ്റ്റു ചെയ്യപ്പെട്ട സച്ചിൻ വാസേയെ മുംബൈയിലെ എൻ.ഐ.എ. ഓഫീസിലെത്തിയാണ് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സി.ബി.ഐ. ചോദ്യം ചെയ്തത്. ദേശ്‌മുഖിനെതിരേ പരാതി നൽകിയ മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെയും മുംബൈയിലെ ഒരു ബാർ ഉടമയുടെയും മൊഴി സി.ബി.ഐ. രേഖപ്പെടുത്തിയിട്ടുണ്ട്.

വാസേയെ ചോദ്യം ചെയ്തപ്പോഴാണ് ഈ ബാറുടമയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മുംബൈയിലെ ബാറുകളിൽനിന്ന് പണം പിരിച്ചുനൽകാൻ അനിൽ ദേശ്‌മുഖ് പോലീസിന് നിർദേശം നൽകിയിരുന്നെന്ന ആരോപണത്തെക്കുറിച്ച് അറിയാനാണ് ബാറുടമയുടെ മൊഴിയെടുത്തത്.

സച്ചിൻ വാസേയുടെയും മൻസുഖ് ഹിരേൻ കൊലക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട സസ്പെൻഷനിലുള്ള പോലീസ് കോൺസ്റ്റബിൾ വിനായക് ഷിന്ദേയുടെയും ഡയറികൾ എൻ.ഐ.എയുടെ കസ്റ്റഡിയിലുണ്ട്.

നിർബന്ധിത പണപ്പിരിവിനെക്കുറിച്ചുള്ള വിവരങ്ങൾ ഡയറിയിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇവ വിട്ടുകിട്ടുന്നതിന് എൻ.ഐ.എ. കോടതിയിൽ സി.ബി.ഐ. അപേക്ഷ നൽകിയിട്ടുണ്ട്. വാസേയെ ചോദ്യം ചെയ്യാനുള്ള സൗകര്യം നൽകണമെന്നും അന്വേഷണവിവരങ്ങൾ പങ്കുവെക്കണമെന്നും എൻ.ഐ.എയോട് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ വാസേയെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

കുറ്റാന്വേഷണത്തിലും പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും സ്വാർഥതാത്‌പര്യങ്ങൾവെച്ച് അനിൽ ദേശ്‌മുഖ് കൈകടത്തിയിരുന്നെന്നും നഗരത്തിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനൽകണമെന്ന് പോലീസുകാരോട് നിർദേശിച്ചിരുന്നെന്നുമുള്ള പരാതിയിലാണ് ഹൈക്കോടതി ഉത്തവിനെത്തുടർന്ന് സി.ബി.ഐ. പ്രാഥമികാന്വേഷണം നടത്തുന്നത്. പ്രാഥമികാന്വേഷണത്തിലെ വിവരങ്ങളനുസരിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് കോടതി നിർദേശം.