ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. മൂന്നാഴ്ച കൊണ്ട് രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലേറെ പേർക്കാണ്. ദിവസം ശരാശരി 500 പുതിയ രോഗികൾ എന്ന നിലയിലാണ് മേയ് ഒന്ന് മുതൽ രോഗബാധിതരുടെ എണ്ണം പെരുകുന്നത്. ഏപ്രിൽ 30 വരെ 2323 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അതിപ്പോൾ 12,000 കടന്നു. ചൊവ്വാഴ്ച 688 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

552 പേരിൽ കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 7672 ആയി. ഇവിടെ ഇതുവരെ 58 പേർ മരിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന തിരുനൽവേലി ജില്ലയിൽ കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. ജില്ലകളിൽ അടച്ചിടൽ നിയന്ത്രണങ്ങളോടെ പിൻവലിച്ചിട്ടുണ്ട്. എന്നാൽ, ചെന്നൈ അടക്കം രോഗബാധ തീവ്രമായ 12 ജില്ലകളിൽ അടച്ചിടൽ തുടരുകയാണ്.

* മുംബൈ: മഹാരാഷ്ട്രയിൽ 2,100 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 37,158 ലേക്ക് ഉയർന്നു. ധാരാവിയിൽ 26 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതർ 1353 ആയി. അടച്ചിടൽ നാലാംഘട്ടത്തിലെ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചു. ജില്ലയ്ക്കകത്ത് 50 ശതമാനം സീറ്റുകളിൽ യാത്രക്കാരുമായി ബസ് സർവീസ് നടത്താം. കടകളും ചന്തകളും കാലത്ത് പത്തുമുതൽ വൈകീട്ട് അഞ്ചു വരെ തുറന്നുപ്രവർത്തിക്കാം. റെഡ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ സ്പോർട്‌സ് കോംപ്ലക്സുകൾ, സ്റ്റേഡിയം, പൊതു മൈതാനങ്ങൾ എന്നിവ തുറക്കാം. വ്യക്തികൾക്ക് ഇവ ഉപയോഗിക്കുകയുമാകാം. എന്നാൽ, കൂട്ടം കൂടാൻ പാടില്ല. കാഴ്ചക്കാരുമുണ്ടാവരുത്. റെഡ് സോണിലും വ്യവസായങ്ങൾക്കും നിർമാണകമ്പനികൾക്കും പ്രവർത്തിക്കാം.

സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയിൽ അർധ സൈനിക വിഭാഗത്തെ രംഗത്തിറക്കിയിട്ടുണ്ട്. കൊളാബ മുതൽ അന്ധേരി വരെയായിരിക്കും ഇവരുടെ സേവനം ലഭിക്കുക.

* ഡൽഹിയിൽ ചൊവ്വാഴ്ച 500 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ കൂടി മരിച്ചു. ആദ്യമായാണ് ഒരു ദിവസം 500 പേർക്കു രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ, 5638 രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. നാലാംഘട്ട അടച്ചിടൽ ഇളവുകൾപ്രകാരം ഡൽഹിയിൽ മെട്രോ സർവീസ് ഒഴിച്ചുള്ള പൊതുഗതാഗതം നിയന്ത്രണവിധേയമായി പുനരാരംഭിച്ചു. ഭൂരിഭാഗം കട-കമ്പോളങ്ങളും െറസ്റ്റോറന്റുകളും തുറന്നുപ്രവർത്തിച്ചുതുടങ്ങി. ഇളവുകൾ പ്രാബല്യത്തിലായതോടെ നഗരത്തിൽ വാഹനഗതാഗതം ഏറക്കുറെ പതിവുപോലെയായി. ഇതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കുമുണ്ടായി.

* ഗുജറാത്തിൽ ചൊവ്വാഴ്ച 395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 12,000 കടന്നു. 25 പേർ കൂടി മരിച്ചു. 5043 പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് കോവിഡ് ഹോട്സ്പോട്ടായ അഹമ്മദാബാദിൽ 262 പേരിൽ കൂടി വൈറസ് കണ്ടെത്തി-ആകെ രോഗികൾ 8945 ആയി. 21 പേർ കൂടി മരിച്ചതോടെ ആകെ മരണം 576 ആയി. സൂറത്തിൽ രോഗികളുടെ എണ്ണം 1156 ആയി ഉയർന്നു.

സംസ്ഥാനത്ത് സമ്പൂർണ വിലക്കുള്ള മേഖലകൾക്ക് പുറത്ത് അടച്ചിടൽ നിയമങ്ങൾ ഇളവ് ചെയ്തു. പാൻ കടകൾക്ക് മുന്നിൽ വലിയ തിരക്ക് ഉണ്ടായി. അഹമ്മദാബാദിലും സൂറത്തിലുമൊഴികെ സർക്കാർ ബസുകളും ഓട്ടോറിക്ഷകളും ഉപാധികളോടെ ഓടിത്തുടങ്ങി.

* കർണാടകത്തിൽ പുതുതായി 149 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർധനയാണിത്. പുതുതായി രോഗം വന്നതിൽ 106 പേരും മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തിയവരാണ്. ദാവൻഗരെ, ശിവമൊഗ എന്നിവിടങ്ങളിലായി രോഗം സ്ഥിരീകരിച്ച മൂന്നു പേർ കേരളത്തിൽ നിന്ന്‌ തിരിച്ചെത്തിയവരാണ്.

കർണാടകത്തിൽ മൂന്നുപേർ കൂടി മരിച്ചു. ബെംഗളൂരുവിൽ ആറു പേർക്കാണ് പുതുതായി രോഗം വന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 246 ആയി. 123 പേർ രോഗം മാറി ആസ്പത്രി വിട്ടു. മരണം എട്ടായി.

Content Highlight: 10000 Covid 19 cases in Tamil Nadu within 3 weeks