യുണൈറ്റഡ് നേഷൻസ്: 2005 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ ഇന്ത്യയിലെ 27.3 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽനിന്നു കരകയറിയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 75 വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ രാജ്യം ഇന്ത്യയാണ്.

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സ്ഫഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.) ചേർന്നാണ് 2000 മുതൽ 2019 വരെയുള്ള ദാരിദ്യനിർമാർജനത്തോത് കണക്കാക്കിയത്. 75-ൽ 65 രാജ്യങ്ങളിലും ദാരിദ്ര്യം കാര്യമായിക്കുറഞ്ഞു.

ഇവയുടെ ബഹുമുഖ ദാരിദ്ര്യ സൂചികയിലെ (എം.പി.ഐ.) മൂല്യത്തിലും കുറവുവന്നു. 50 രാജ്യങ്ങളിലെ ദരിദ്രരുടെ എണ്ണവും കുറഞ്ഞു. ദരിദ്രരുടെ എണ്ണം ഏറ്റവും കുറഞ്ഞത് ഇന്ത്യയിലാണ്.

ഇന്ത്യയിൽ 27 കോടിപ്പേരും ദാരിദ്ര്യത്തിൽനിന്നു മുക്തരായത് 2005 മുതൽ 2016 വരെയുള്ള കാലത്താണ്. 10 കൊല്ലംകൊണ്ട് കുട്ടികളിലെ ദാരിദ്ര്യം ഇന്ത്യ പകുതിയാക്കി. പത്തരക്കൊല്ലംകൊണ്ട് നിക്കരാഗ്വയും ഈ നേട്ടം കൈവരിച്ചു.

മുന്നിലെത്തിയ നാലുരാജ്യങ്ങൾ

ഇന്ത്യ (2005/2006-2015/2016)

അർമീനിയ (2010-2015/16)

നിക്കരാഗ്വ (2001-2011/2012)

വടക്കൻ മാസിഡോണിയ (2005/2006-2011)

* അഞ്ചരമുതൽ പത്തരവരെ വർഷംകൊണ്ട് ഇവ ദാരിദ്ര്യം കുറച്ചു

ബഹുമുഖ ദാരിദ്ര്യമെന്നാൽ

മോശം ആരോഗ്യം, വിദ്യാഭ്യാസത്തിന്റെ അഭാവം, പരിമിതമായ ജീവിതനിലവാരം, തൊഴിൽനിലവാരത്തിലെ കുറവ്, അക്രമഭീഷണി, പാരിസ്ഥിതികമായി ആപത്കരമായ സാഹചര്യങ്ങളിലെ ജീവതം തുടങ്ങിയവയാണ് ബഹുമുഖ ദാരിദ്യമെന്നതുകൊണ്ട് അർഥമാക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും നേട്ടം കൈവരിച്ചവ

ബംഗ്ലാദേശ്, ബൊളീവിയ, എസ്വാതിനി, ഗാബൊൺ, ഗാംബിയ, ഗയാന, ഇന്ത്യ, ലൈബീരിയ, മലി, മൊസാംബിക്, നൈജർ, നിക്കരാഗ്വ, നേപ്പാൾ, റുവാൺഡ

കോവിഡും ദാരിദ്ര്യവും

* ബഹുമുഖ ദാരിദ്ര്യമനുഭവിക്കുന്നവരിൽ 50 ശതമാനംവരെ ആളുകൾ പോഷകാഹാരക്കുറവ് നേരിടാം

* സ്കൂളിൽപ്പോകാൻ കഴിയാത്തതിനാൽ പ്രൈമറി സ്കൂൾ കൂട്ടികളിലെ ദാരിദ്ര്യത്തിന്റെ തോത് എട്ടുപത്തുവർഷം മുമ്പത്തെ സ്ഥിതിയിലെത്താം

Content Highlights: 10 years; India alleviated 7.3 crores people from poverty