ന്യൂഡൽഹി: ഉത്തർപ്രദേശിൽ വരുംദിവസങ്ങളിൽ കുറഞ്ഞത് പത്തുമന്ത്രിമാരെങ്കിലും യോഗി ആദിത്യനാഥിന്റെ ബി.ജെ.പി. സർക്കാർ വിടുമെന്ന് ശിവസേനയുടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗട്ട്.

യു.പി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെ മൂന്നുമന്ത്രിമാരും എട്ടു എം.എൽ.എ.മാരും പാർട്ടി വിട്ടിരുന്നു. “ഇപ്പോൾ നടക്കുന്നത് തുടക്കം മാത്രം. ബി.ജെ.പി. വിടുന്നവരുടെ എണ്ണം ഇനിയും ഉയരും. അഞ്ചുവർഷമായി കടുത്ത സമ്മർദത്തിലാണ് പലരും അവിടെ പ്രവർത്തിക്കുന്നത്. കടുത്ത തൊഴിലില്ലായ്മയിൽ വലഞ്ഞ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യോഗി ആദിത്യനാഥിൻറെ ഇവന്റ് മാനേജ്മെന്റ് ഭരണത്തോടുള്ള വിമുഖത അവർ വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാനപ്പെട്ട മന്ത്രിമാരും ഒ.ബി.സി. നേതാക്കളും പാർട്ടി വിടുന്നത് കാറ്റ് ഏതുദിശയിലേക്കാണ് വീശുന്നതിന്റെ സൂചനയാണ്” -അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ 50മുതൽ 100വരെ സീറ്റുകളിൽ ശിവസേന മത്സരിക്കുമെന്നും റൗട്ട് അറിയിച്ചു.