റാഞ്ചി: ജാർഖണ്ഡിൽ പതിനായിരത്തിലധികം ആദിവാസികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത് വിവാദമാകുന്നു. മൂന്നുവർഷത്തിനിടെ 11,200 പേർക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനെതിരേ ആദിവാസി സംഘടന ജാർഖണ്ഡ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.

ആദിവാസികളുടെ നേതൃത്വത്തിൽ 2017-ൽ നടന്ന പതൽഗഡി പ്രക്ഷോഭത്തിൽ പങ്കുചേർന്ന പ്രവർത്തകർക്കെതിരേയാണ് കേസ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസിപ്രദേശങ്ങൾക്ക് നൽകിയ പ്രത്യേക സ്വയംഭരണാവകാശത്തിലെ വ്യവസ്ഥകൾ കല്ലിൽ കൊത്തി ഖൂംടി ജില്ലയിലെ ഗ്രാമങ്ങളിൽ സ്ഥാപിച്ചായിരുന്നു പതൽഗഡി പ്രക്ഷോഭം.

ഇതേത്തുടർന്നാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തവർ എന്നുപറഞ്ഞ് ആദിവാസികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താൻ തുടങ്ങിയത്. പേര് വ്യക്തമാക്കാതെയാണ് കേസെടുത്തിരിക്കുന്നത്. സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാകുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി മൂന്നുമാസം മുമ്പാണ് ആദിവാസി സംഘടനയായ ആദിവാസി ന്യായ് മഞ്ച് റിട്ട് ഹർജി നൽകിയത്.

മാധ്യമങ്ങൾക്കെതിരേ രാഹുൽ

പതിനായിരത്തിലധികം വരുന്ന ആദിവാസികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടും പ്രാദേശികവും ദേശീയവുമായ മാധ്യമങ്ങൾ മൗനം പാലിക്കുന്നതിനെ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.

സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതികരിക്കുന്ന സാധാരണക്കാരുടെ പേരിൽ ഇത്രയും ഗൗരവകരമായ കുറ്റങ്ങൾ ചുമത്തുന്നത് നീതിമത്കരിക്കാവുന്നതല്ല. മാസങ്ങൾ കഴിഞ്ഞിട്ടും ഈ വിഷയത്തിൽ പ്രതികരണം ഉണ്ടാകാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi hits out at media silence