ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ്‌രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 1,15,736 പേർക്ക് രോഗം ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,28,01,785 ആയി. 8,43,473 പേരാണ് ചികിത്സയിലുള്ളത്. 630 പേർകൂടി മരിച്ചതോടെ ആകെ മരണം 1,66,177 ആയി.

രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തശേഷം ഇതുവരെയുള്ള ഏറ്റവും വലിയ വർധനയാണിത്. ബുധനാഴ്ച രാവിലെ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടത്. പുതിയ രോഗികളിൽ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, യു.പി., ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ്. ഗുജറാത്ത്, ഹരിയാണ, രാജസ്ഥാൻ എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുകയാണ്. മഹാരാഷ്ട്രയിൽമാത്രം ഒറ്റദിവസം 55,469 പേർക്ക് രോഗം ബാധിച്ചു. ഛത്തീസ്ഗഢിൽ 9921 പേർക്കും കർണാടകത്തിൽ 6150 പേർക്കുമാണ് രോഗബാധ.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റിനിരക്ക് 8.4 ശതമാനമായി ഉയർന്നു. രോഗമുക്തിനിരക്ക് 92.11 ശതമാനമാണ്. 59,856 പേർ 24 മണിക്കൂറിനിടെ സുഖംപ്രാപിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 297 പേർ പഞ്ചാബ്-61, ഛത്തീസ്ഗഢ്‌-53, കർണാടകം-39, യു.പി.-30, മധ്യപ്രദേശ്-18, ഡൽഹിയിലും ഗുജറാത്തിലും-17 എന്നിങ്ങനെയാണ്‌ മരണസംഖ്യ.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാലകർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയാണ് കർഫ്യൂ. സംസ്ഥാനത്തുടനീളം രാഷ്ട്രീയപ്പാർട്ടികളുടെ പൊതുയോഗങ്ങളും മറ്റു സാമൂഹിക-സാംസ്കാരിക-കായിക പരിപാടികളും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പുതുതായി സ്ഥിരീകരിക്കുന്ന കേസുകളിൽ 85 ശതമാനവും വൈറസിന്റെ യു.കെ. വകഭേദമാണെന്ന് കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

പ്രതിരോധകുത്തിവെപ്പിൽ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ

കോവിഡിന്റെ രണ്ടാംതരംഗം ശക്തമായിക്കൊണ്ടിരിക്കേ പ്രതിരോധകുത്തിവെപ്പ് നൽകുന്നതിൽ മറ്റെല്ലാ രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യ. ബുധനാഴ്ച അവസാനിച്ച 24 മണിക്കൂറിൽ 33 ലക്ഷം പേർക്ക് പുതുതായി വാക്സിൻ നൽകി. ഇതുവരെ 8.7 കോടി ജനങ്ങളാണ് വാക്സിൻ സ്വീകരിച്ചത്. ഇക്കാര്യത്തിൽ അമേരിക്കയെക്കാളും മുന്നിലാണ് ഇന്ത്യ. പ്രതിദിനം ശരാശരി 30,93,861 എന്ന തോതിലാണ് ഇപ്പോൾ രാജ്യത്ത് വാക്സിൻ നൽകുന്നത്.

Content Highlights: 1.15 Lakh Daily Covid Cases In India, Biggest Rise So Far