ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ വർഷമുണ്ടായ വിമാനാപകടത്തിന്റെ വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചതായും ഏതാനും ദിവസങ്ങൾക്കകം പരസ്യപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാനുള്ള റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കും. ഇതുറപ്പാക്കാൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം നൽകി സമിതി രൂപവത്കരിക്കും -മന്ത്രി വ്യക്തമാക്കി.

യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് മന്ത്രാലയം മുൻഗണന കൽപ്പിക്കുന്നതെന്നും വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനടക്കം ഒട്ടേറെ ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും എല്ലാം സുരക്ഷ കണക്കിലെടുത്തു മാത്രമാവും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

2020 ഓഗസ്റ്റ് ഏഴിനാണ് ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനം തകർന്ന് രണ്ടു പൈലറ്റുമാരടക്കം 19 പേർ മരിച്ചത്. 91 പേർക്ക് പരിക്കേറ്റു. നഷ്ടപരിഹാരത്തിനായി മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരിൽ വലിയ വിഭാഗവും കേസു നൽകി കാത്തിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. 1972-ലെ നിയമപ്രകാരം പരിക്കേറ്റവർക്കും മരിച്ചവർക്കും എയർലൈനാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇതിനുള്ള ബാധ്യത ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കാണ്. അവരിലൂടെ അന്താരാഷ്ട്രവിപണിയിലും അധിഷ്ഠിതമാണ്. അന്തിമ നഷ്ടപരിഹാരം പരിക്കേറ്റ 165 പേർക്കും വാഗ്ദാനം ചെയ്തെങ്കിലും 73 പേർ മാത്രമാണ് വാങ്ങാൻ തയ്യാറായത്. ഇവർക്ക് 60.35 കോടി വിതരണം ചെയ്തു.