ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിലും റിലയൻസ് റീട്ടെയിലും തമ്മിലുള്ള 24,731 കോടി രൂപയുടെ ലയന ഇടപാടിനെതിരേ സിങ്കപ്പൂരിലെ എമർജൻസി ആർബിട്രേറ്ററുടെ വിധി നടപ്പാക്കുന്നതുസംബന്ധിച്ച് ഡൽഹി ഹൈക്കോടതിക്ക് മുൻപാകെയുള്ള നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക്‌ സ്റ്റേചെയ്തു.

കൂടാതെ, ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ, കോംപറ്റീഷൻ കമ്മിഷൻ, സെബി തുടങ്ങിയ അതോറിറ്റികളും ലയനഇടപാട് സംബന്ധിച്ച് നാലാഴ്ചത്തേക്ക്‌ അന്തിമ ഉത്തരവിറക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇരുഭാഗവും കേട്ടശേഷം ആർബിട്രേറ്റർ അന്തിമവിധിക്കായി കേസ് മാറ്റിവെച്ചിരിക്കുകയാണെന്ന് ഫ്യൂച്ചർ റീട്ടെയിലിലും ഫ്യൂച്ചർ കൂപ്പൺസും സുപ്രീംകോടതിയെ അറിയിച്ചു. ഇരുകമ്പനികൾക്കുമെതിരേ ശിക്ഷാനടപടി വേണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് ആമസോണും വ്യക്തമാക്കി.

ആർബിട്രേഷൻ വിധിയുടെ പശ്ചാത്തലത്തിൽ ലയനവുമായി മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുമെന്ന് ഡൽഹി ഹൈക്കോടതി ഓഗസ്റ്റ് 17-ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ഫ്യൂച്ചർ ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചത്.

സിങ്കപ്പൂരിലെ എമർജൻസി ആർബിട്രേറ്ററുടെ വിധിക്ക് ഇന്ത്യയിലും സാധുതയുണ്ടെന്നും അത് നടപ്പാക്കേണ്ടതാണെന്നും സുപ്രീംകോടതി നേരത്തേ വിധിച്ചിരുന്നു. വിദേശരാജ്യത്തെ എമർജൻസി ആർബിട്രേറ്ററുടെ വിധിക്ക് ഇന്ത്യയിലെ ആർബിട്രേഷൻ (മധ്യസ്ഥത) നിയമപ്രകാരം സാധുതയുണ്ടോയെന്ന വിശാലമായ പ്രശ്നമാണ് സുപ്രീംകോടതി പരിശോധിച്ചത്. ആമസോണിന് അനുകൂലമായ ഡൽഹി ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ വിധി ശരിവെക്കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി.

റിലയൻസുമായുള്ള ആസ്തി വിൽപ്പനയുമായി ഫ്യൂച്ചർ റീട്ടെയിൽ മുന്നോട്ടുപോകുന്നത് തങ്ങളുമായുള്ള കരാറിന്റെ ലംഘനമാണെന്നാണ് ആമസോൺ വാദിച്ചത്. 2019 ഡിസംബറിൽ ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ പ്രമോട്ടർമാരായ ഫ്യൂച്ചർ കൂപ്പൺസിന്റെ 49 ശതമാനം ഓഹരികൾ ആമസോൺ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് തങ്ങളുടെ ചില്ലറവ്യാപാര, മൊത്തവ്യാപാര, ലോജിസ്റ്റിക്സ്, സംഭരണ യൂണിറ്റുകൾ റിലയൻസിന് വിൽക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ് കരാറുണ്ടാക്കിയത്. ഇതിനെതിരേ ആമസോൺ സിങ്കപ്പൂരിലെ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിനെ സമീപിക്കുകയായിരുന്നു.