ന്യൂഡൽഹി: കോടതി ജീവനക്കാരെക്കാൾ കുറഞ്ഞ ശമ്പളമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നുകാട്ടി കേരളത്തിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ 11-ാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കിയതോടെയാണ് ഈ സാഹചര്യമുണ്ടായത്.

കീഴ്‌ക്കോടതികളിലെ ഉദ്യോഗസ്ഥരുടെ ശമ്പളപരിഷ്കരണത്തിനായി 2017-ൽ സുപ്രീംകോടതി രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മിഷൻ രൂപവത്കരിച്ചിരുന്നു. കമ്മിഷന്റെ ശുപാർശപ്രകാരം ജൂനിയർ സിവിൽ ജഡ്ജ്, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എന്നിവർക്ക് തുടക്കശമ്പളം 27,700-ൽ നിന്ന് 77,840 രൂപയാകും. തൊട്ടുമുകളിലുള്ള സീനിയർ സിവിൽ ജഡ്ജിക്ക് 1,11,000 രൂപയും ജില്ലാ ജഡ്ജിക്ക് 1,44,840 രൂപയുമാകും തുടക്കശമ്പളം.

എന്നാൽ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 11-ാം കമ്മിഷന്റെ ശുപാർശ അംഗീകരിച്ചുകൊണ്ട് സംസ്ഥാനസർക്കാർ കോടതിജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറക്കി. ഇതോടെ ജുഡീഷ്യൽ ഉദ്യോസ്ഥരെക്കാൾ ഉയർന്ന ശമ്പളമായി കോടതിജീവനക്കാർക്ക്. അതിനാൽ സുപ്രീംകോടതിക്ക് മുൻപാകെയുള്ള ഓൾ ഇന്ത്യാ ജഡ്ജസ് അസോസിയേഷന്റെ കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നുകാട്ടിയാണ് കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ അപേക്ഷ നൽകിയത്.