മുംബൈ: പ്രമുഖ വനിതാവകാശ പ്രവർത്തക സോനൽ ശുക്ല (80) അന്തരിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വച ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകയാണ്. 1980 മുതൽ സ്ത്രീപക്ഷ അവകാശപ്രവർത്തനങ്ങളിൽ സജീവമായ ഇവർ സോനൽ ബെൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഫോറം എഗയ്ൻസ്റ്റ് ഒപ്രഷൻ ഓഫ് വുമൺ എന്ന സംഘടനയുടെ സഹസ്ഥാപകയാണ്. ചേരിയിലെയും മറ്റു പിന്നാക്ക സാഹചര്യങ്ങളിലുമുള്ള പെൺകുട്ടികളുടെ ചൂഷണത്തിനെതിരേ ശബ്ദമുയർത്തിയാണ് സോനൽ ശുക്ല 1980-കളിൽ പ്രവർത്തന മേഖലയിലേക്ക് കടന്നത്. സ്വന്തംവീട്ടിലെ ഒരു മുറി സഹായകേന്ദ്രമാക്കി മാറ്റി ലൈംഗികാതിക്രമങ്ങൾക്കും മറ്റ് ആക്രമണങ്ങൾക്കും ഇരയായ സ്ത്രീകൾക്ക് സഹായംനൽകിയിരുന്നു. ഇന്ത്യയിൽനിന്നുള്ള സ്ത്രീപക്ഷവാദിയെന്ന നിലയിൽ ആഗോളതലത്തിൽ അംഗീകാരംനേടിയ സോനൽ ശുക്ല, വച ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്ത്രീകളെക്കുറിച്ചു മാത്രമുള്ള 3000-ലേറെ പുസ്തകങ്ങളുള്ള ലൈബ്രറി സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലെ സ്ത്രീ പോരാളികളെക്കുറിച്ച് ഡോക്യുമെന്ററിയും തയാറാക്കിയിരുന്നു. ഒട്ടേറെ പുരസ്കാരങ്ങളും നേടി. സംസ്കാരം വിലെപാർലെ സേവാസമാജ് ശ്മശാനത്തിൽ ശനിയാഴ്ച നാലിന് നടക്കും.