ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ. ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയെന്ന കേസിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.

ചെന്നൈ സ്വദേശിയായ സാമൂഹികപ്രവർത്തക കെ.എസ്. ഗീത നൽകിയ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.സി. ശർമയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് അന്വേഷണസംഘത്തിന് സമയം അനുവദിച്ചത്. കേസിന്റെ അന്വേഷണറിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കകം സമർപ്പിക്കാൻ സർക്കാർ അഭിഭാഷകനായ വി. ശ്രീനിധിയോട് കോടതി നിർദേശിച്ചു.

അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി.) നടത്തുന്ന അന്വേഷണം മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് കെ.എസ്. ഗീത കോടതിയെ സമീപിച്ചത്. എ.സി.ബി. ഇതുവരെ കാര്യമായ ഒരന്വേഷണവും നടത്തിയിട്ടില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ശശികലയിൽനിന്ന് കൈക്കൂലി വാങ്ങി ജയിൽ നിയമങ്ങൾ ലംഘിച്ച് പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചുകൊടുത്തെന്നാരോപിച്ച് അന്നത്തെ ജയിൽ ഡി.ജി.പി. എച്ച്.എൻ. സത്യനാരായണ റാവുവിന്റെ പേരിലാണ്‌ എ.സി.ബി. കേസെടുത്തത്. ജയിൽ ഡി.ഐ.ജി.യായിരുന്ന ഡി. രൂപ നടത്തിയ അന്വേഷണത്തിനൊടുവിൽ നൽകിയ റിപ്പോർട്ട് പ്രകാരമായിരുന്നു കേസ്.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് ശശികല പരപ്പന അഗ്രഹാര ജയിലിലെത്തിയത്. നാലുവർഷത്തെ ശിക്ഷ അനുഭവിച്ചശേഷം ഈ വർഷം ജനുവരി 27-ന് മോചിതയായി.