ലണ്ടൻ: ജൈവ ഭക്ഷ്യ ബ്രാൻഡായ കൊക്കൊഫീനയുടെ സ്ഥാപകനും മലയാളിയുമായ ജേക്കബ് തണ്ടിലിന് ബ്രിട്ടീഷ് രാജ്ഞിയുടെ ‘മെമ്പർ ഓഫ് ദി ഓഡർ ഓഫ് ദ് ബ്രിട്ടീഷ് എംപയർ’ (എം.ബി.ഇ.) ബഹുമതി. അന്താരാഷ്ട്ര വ്യാപാര, കയറ്റുമതി രംഗത്തെ സംഭാവന കണക്കിലെടുത്താണ് ആദരം. ബക്കിങാം കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ബ്രിട്ടീഷ് രാജ്ഞിയോ രാജകുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ബഹുമതി സമ്മാനിക്കും.

കൊല്ലം സ്വദേശിയായ ജേക്കബ് 2005 മുതൽ കൊക്കൊഫീന എന്ന ബ്രാൻഡിൽ ബ്രിട്ടനിൽ നാളികേര ഉത്പന്ന നിർമാണവും വ്യാപാരവും നടത്തുകയാണ്. നാളികേരത്തിൽനിന്ന് കൊക്കൊഫീന ഉത്പാദിപ്പിക്കുന്ന 32 മൂല്യവർധിത ഉത്പന്നങ്ങൾക്ക് 28 രാജ്യങ്ങളിൽ ഉപഭോക്താക്കളുണ്ട്.

സംരംഭകർക്കുള്ള ബി.ബി.സി.യുടെ റിയാലിറ്റി ഷോയായ ഡ്രാഗൺസ് ഡെന്നിൽ പങ്കെടുത്തുവിജയിച്ച ആദ്യ മലയാളിയാണ് ജേക്കബ്. കോട്ടയത്തെ പള്ളിക്കൂടം, കൊല്ലം ഇൻഫന്റ് ജീസസ്, ടി.കെ.എം. എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചശേഷം ബ്രിട്ടനിൽനിന്ന് എം.ബി.എ. നേടി. ബ്രിട്ടീഷ് ടെലികോം, എച്ച്.എസ്.ബി.സി. അക്‌സെഞ്ചർ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ ജോലിചെയ്തശേഷമാണ് കൊക്കൊഫീന ആരംഭിച്ചത്. കടൽപ്പായലിൽനിന്ന് സോസുണ്ടാക്കുന്ന സോസ്‌യീ ഉൾപ്പെടെ രണ്ടു സംരംഭങ്ങൾക്കുകൂടി ജേക്കബ് തുടക്കംകുറിച്ചിട്ടുണ്ട്.

എം.ബി.ഇ. ബഹുമതി ആദരമാണെന്നും ബ്രിട്ടീഷ് ഭക്ഷ്യവ്യവസായത്തിന്റെ ഭാഗമാകാനും രാജ്യത്തിന്റെ കയറ്റുമതി വർധനയിൽ സഹായിക്കാൻ കഴിഞ്ഞതിലും അഭിമാനമുണ്ടെന്നും ജേക്കബ് പറഞ്ഞു.