ന്യൂഡൽഹി: ഹാഥ്റസിൽ കൂട്ട ബലാത്സംഗത്തെ തുടർന്ന്‌ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ജില്ലാഭരണകൂടത്തിന്റെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിക്കാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാൽ ഹർജിക്കാർക്ക് പരമോന്നതകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ രണ്ടംഗബെഞ്ച് പറഞ്ഞു.

യുവതിയുടെ കുടുംബത്തെ ജില്ലാഭരണകൂടം നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് അഖില ഭാരതീയ വാല്മീകി മഹാപഞ്ചായത്താണ് ഹർജി നൽകിയത്. കുടുംബത്തിന് മതിയായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യു.പി. സർക്കാർ കോടതിയെ അറിയിച്ചു. വീടിനുചുറ്റും എട്ടു സി.സി.ടി.വി. ക്യാമറകൾ വെച്ചിട്ടുണ്ടെന്ന് ഡി.ഐ.ജി. ശലഭ് മധുർ പറഞ്ഞു. ക്യാമറ പരിശോധിക്കാൻ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. വനിതാ പോലീസടക്കം 60 ജീവനക്കാർ സുരക്ഷയ്ക്കായി ഉണ്ടെന്ന് പോലീസ് കോടതിയിൽ അറിയിച്ചു.

വീട്ടിലേക്ക് ആരുവന്നാലും പേര്‌ രജിസ്റ്റർ ചെയ്യണം. കുടുംബത്തിലെ ഓരോ വ്യക്തിക്കും രണ്ടുവീതം അംഗരക്ഷകരുണ്ടാകും. അഗ്നിരക്ഷാ സേനാംഗങ്ങളെയും സംസ്ഥാന ഇന്റലിജൻസ് വിഭാഗം ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. വീടിന്റെ പ്രധാന കവാടത്തിൽ മെറ്റൽ ഡിറ്റക്ടറുണ്ടെന്നും ദ്രുതകർമ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും ഹാഥ്റസ് എസ്.പി. വിനീത് ജയ്സ്വാൾ പറഞ്ഞു.

പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച ബൂൽഗഢി ഗ്രാമവാസികളുടെ മൊഴിയെടുത്തു. ഈ മാസം 17-ന് മുമ്പ്‌ അന്വേഷണം പൂർത്തിയാക്കുമെന്ന് അറിയുന്നു.