ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള എൻ.ആർ.ഐ. ക്വാട്ട വേണ്ടെന്നുവെക്കാൻ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 15 ശതമാനം സീറ്റുകളിൽവരെ എൻ.ആർ.ഐ. ക്വാട്ട നടപ്പാക്കാമെന്നാണു വ്യവസ്ഥ. എന്നാൽ, അത് നിർബന്ധമായി നൽകിയിരിക്കേണ്ടതല്ലെന്നും മാനേജ്‌മെന്റുകളുടെ വിവേചനാധികാരമാണെന്നും ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

മാനേജ്‌മെന്റ്, എൻ.ആർ.ഐ. സീറ്റുകളിൽ എത്രത്തോളം അതിനായി വിനിയോഗിക്കണമെന്നത് സ്വകാര്യകോളജുകൾക്കു തീരുമാനിക്കാം. എൻ.ആർ.ഐ. വിദ്യാർഥികളെ ജനറൽ മാനേജ്‌മെന്റ് സീറ്റ് ക്വാട്ടയുടെ ഭാഗമായി കണക്കാക്കി മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശിപ്പിക്കുകയും ചെയ്യാം. കോളേജോ സംസ്ഥാന നിയന്ത്രണ അതോറിറ്റികളോ എൻ.ആർ.ഐ. ക്വാട്ട ഇല്ലാതാക്കുകയാണെങ്കിൽ മുൻകൂറായി അറിയിപ്പ് നൽകിയിരിക്കണം. എന്നാൽ, മാത്രമേ അതിൽ പ്രവേശനം നേടാൻ ആഗ്രഹിച്ചിരുന്ന വിദ്യാർഥികൾക്ക് മറ്റുമാർഗം തേടാനാവൂ.

എൻ.ആർ.ഐ. ക്വാട്ടയിലെ സീറ്റുകൾ അതിനായിത്തന്നെ നീക്കിവെക്കേണ്ട ബാധ്യത സ്വകാര്യകോളജുകൾക്കില്ലെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു. ഇതുസംബന്ധിച്ച രാജസ്ഥാൻ ഹൈക്കോടതി വിധി ചോദ്യംചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതി വിധി.