ഭുവനേശ്വർ: സ്ത്രീധനപീഡനക്കേസിൽ അറസ്റ്റിലായ മേജറെ അർധരാത്രി വിചാരണചെയ്ത് സേനാകസ്റ്റഡിയിൽവിട്ട് ഒഡിഷയിലെ ഭുവനേശ്വർ സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. വീഡിയോ കോൺഫറൻസിലൂടെ വിചാരണയ്ക്ക് ശ്രമിച്ച് നടക്കാഞ്ഞതിനാൽ വ്യാഴാഴ്ച രാത്രി പത്തോടെ ജഡ്‌ജി എസ്.കെ. മിശ്ര കോടതിയിലെത്തുകയായിരുന്നു. പുലർച്ചെ 1.30 വരെ വിചാരണ നീണ്ടു. ജയിലിനു പകരം മേജറെ സൈനിക കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും ചെയ്തു.

സ്ത്രീധനം നൽകിയില്ലെങ്കിൽ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ വ്യാഴാഴ്ചയാണ് മഹിളാ പോലീസ് സ്റ്റേഷൻ മേജറെ അറസ്റ്റുചെയ്തത്. പിന്നാലെ കേസെടുക്കുകയായിരുന്നു.