ബെംഗളൂരു: വീടിനുപുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറിനും മരത്തിനുമിടയിൽപ്പെട്ട് 45-കാരിക്ക് ദാരുണാന്ത്യം. സദാശിവനഗർ ബി.ഇ.എൽ. റോഡ് ആർ.കെ. ഗാർഡൻ സ്വദേശി നന്ദിനി റാവു ആണ് മരിച്ചത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ റിവേഴ്‌സ് ഗിയറിലായിരുന്നു ഉണ്ടായിരുന്നത്. ഇത് മനസ്സിലാക്കാതെ നന്ദിനി കാറിന്റെ വാതിൽ തുറന്ന് അകത്ത് കയറാതെതന്നെ എൻജിൻ ഓൺ ആക്കി. ഇതോടെ കാർ പുറകോട്ടു നീങ്ങിയപ്പോൾ നന്ദിനി ഡോറിന്റെയും റോഡരികിലുണ്ടായിരുന്ന മരത്തിന്റെയും ഇടയിൽ അമർന്നുപോവുകയായിരുന്നു. സഹായത്തിനായി നന്ദിനി നിലവിളിക്കുന്നതുകേട്ട് വഴിയാത്രക്കാരെത്തി യശ്വന്തപുരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കാർ പാർക്ക് ചെയ്തപ്പോൾ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞു. നന്ദിനിയുടെ ഭർത്താവ് എൻജിനിയറായ രാജേഷ് ഈ സമയത്ത് വീട്ടിൽ ഇല്ലായിരുന്നു. സദാശിവനഗർ ട്രാഫിക് പോലീസ് കേസെടുത്തു.