ന്യൂഡൽഹി: ശൈത്യകാലം തുടങ്ങാനിരിക്കെ രാജ്യതലസ്ഥാനം വീണ്ടും കോവിഡ് വ്യാപന ഭീതിയിൽ. ദിവസേന 15,000 കേസുകൾവരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ദേശീയ പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിന്റെ (എൻ.സി.ഡി.സി.) മുന്നറിയിപ്പ്.

ശൈത്യകാലത്ത് വായുമലിനീകരണം കൂടുന്നതിനാൽ ശ്വാസകോശരോഗങ്ങൾ കൂടും. അയൽസംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെപ്പേർ ഡൽഹിയിൽ ചികിത്സയ്ക്കെത്താനുള്ള സാധ്യതയും എൻ.സി.ഡി.സി. ചൂണ്ടിക്കാട്ടി. തീവ്രമായ ആരോഗ്യപരിരക്ഷയ്ക്കു തയ്യാറെടുക്കാനാണ് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അധ്യക്ഷനായ സമിതിയുടെ നിർദേശം.

പഞ്ചാബിലും ഹരിയാണയിലും കർഷകർ വയലുകളിൽ തീയിടാൻ തുടങ്ങിയതോടെ ഡൽഹിയിലെ വായുമലിനീകരണം കൂടി. വരുംദിവസങ്ങളിൽ ഇതിനിയും രൂക്ഷമാവും. അതിനാൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾ ഡൽഹിയിൽ നിരോധിച്ചു. ഹരിയാണ, യു.പി., പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലൊക്കെ ഇതു നിരോധിക്കാനും സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടു.

അയൽസംസ്ഥാനങ്ങളിൽനിന്ന് ശ്വാസകോശരോഗ ചികിത്സയ്ക്ക് രോഗികളെത്താനുള്ള സാധ്യതയും ദുർഗാപൂജ, ദസറ, ഛഠ് പൂജ തുടങ്ങിയ ഉത്സവങ്ങളിലുണ്ടാകാനിടയുള്ള ആൾക്കൂട്ടവും കോവിഡ് സാധ്യത കൂട്ടുന്നു. പ്രതിദിനം 15,000 കേസുകൾവരെ കൈകാര്യം ചെയ്യേണ്ടിവന്നേക്കാം. 20 ശതമാനം പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരും. ഇതിനു തയ്യാറെടുക്കണമെന്ന് നീതി ആയോഗിന്റെ വിദഗ്ധസമിതി പറഞ്ഞു.

ദിവസേന മൂവായിരത്തോളം പേർക്കാണ് ഡൽഹിയിൽ ഇപ്പോൾ രോഗം റിപ്പോർട്ടുചെയ്യുന്നത്. വ്യാഴാഴ്ച 2726 പേർ രോഗികളായി. ശരാശരി 35-40 മരണങ്ങളും ദിവസേനയുണ്ട്.