ചെന്നൈ: പ്രണയവിവാഹംചെയ്ത എം.എൽ.എ.യ്ക്കെതിരേ മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വധുവിന്റെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. പ്രായപൂർത്തിയായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നതിനാൽ തട്ടിക്കൊണ്ടുപോയെന്ന കേസ് നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

ക്ഷേത്രപൂജാരിയായ സ്വാമിനാഥന്റെ മകൾ സൗന്ദര്യ(19)യെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കള്ളക്കുറിച്ചി എം.എൽ.എ. എ. പ്രഭു (36) വിവാഹം ചെയ്തത്. ദളിത് വിഭാഗത്തിൽപ്പെട്ട പ്രഭു, ബ്രാഹ്മണവിഭാഗത്തിൽപ്പെട്ട സൗന്ദര്യയെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹംചെയ്തത്. മകളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചെന്നാണ് പിതാവ് ആരോപിക്കുന്നത്. ജാതിയല്ല എതിർപ്പിന് കാരണമെന്നും ദമ്പതിമാർ തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടെന്നും സൗന്ദര്യയെ പ്രഭു കബളിപ്പിക്കുകയായിരുന്നെന്നും സ്വാമിനാഥൻ ആരോപിക്കുന്നു.

എം.എൽ.എ.യും കുടുംബവും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുക്കുന്നില്ലെന്നുമാരോപിച്ചാണ് സ്വാമിനാഥൻ ഹൈക്കോടതിയെ സമീപിച്ചത്. എം.എൽ.എ.യോടും വധുവിനോടും ഹർജിക്കാരനായ വധുവിന്റെ അച്ഛനോടും നേരിൽ ഹാജരാകണമെന്ന് കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ ഭർത്താവിനൊപ്പമെത്തിയ സൗന്ദര്യ, തനിക്ക് പ്രായപൂർത്തിയായതാണെന്നും വിവാഹത്തിന് ആരും നിർബന്ധിച്ചില്ലെന്നും കോടതിയെ അറിയിച്ചു.

പ്രഭുവുമായി പ്രണയത്തിലായിരുന്നതായും സ്വന്തം ഇഷ്ടപ്രകാരമാണ് ഭർത്താവിനൊപ്പം പോയതെന്നും സൗന്ദര്യ പറഞ്ഞു. പിതാവിനോട് സംസാരിക്കാനും വധുവിന് കോടതി അവസരമൊരുക്കിയിരുന്നു. എന്നാൽ, യുവതി നിലപാടിൽനിന്ന് പിൻമാറിയില്ല. തുടർന്ന്, വധുവിന് പ്രായപൂർത്തിയായത് ചൂണ്ടിക്കാട്ടിയ കോടതി തീരുമാനമെടുക്കേണ്ടത് യുവതിയാണെന്ന് വ്യക്തമാക്കി ഹർജി തീർപ്പാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഡി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.