അഗർത്തല: സ്വാമി വിവേകാനന്ദന്റെ ചിത്രം 80 ശതമാനം വീടുകളിലും തൂങ്ങുകയും സന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്താൽ 30-35 വർഷം ബി.ജെ.പി.ക്ക് ത്രിപുരയിൽ അധികാരത്തിൽ തുടരാനാവുമെന്ന് മുഖ്യമന്ത്രി ബിപ്ളബ് കുമാർ ദേബ്. അഗർത്തലയിൽ മഹിളാമോർച്ച പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിവേകാനന്ദസന്ദേശങ്ങൾ പ്രചരിപ്പിക്കാനും ചിത്രങ്ങൾ വീടുകളിൽ എത്തിക്കാനും മഹിളാമോർച്ച മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

‘‘എന്റെ ഗ്രാമത്തിലടക്കം പലരും കമ്യൂണിസ്റ്റ് നേതാക്കളായ ജ്യോതി ബസു, ജോസഫ് സ്റ്റാലിൻ, മാവോ സെ തുങ് എന്നിവരുടെ ചിത്രങ്ങൾ സ്വീകരണമുറികളിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങൾ തൂക്കിയിടുന്നില്ല. നമ്മുടെ ആശയങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കണം’’ -അദ്ദേഹം പറഞ്ഞു.