ചെന്നൈ: പുറമ്പോക്ക് ഭൂമി കൈയേറുന്നതിനെക്കുറിച്ച് ടി.വി. ചാനലിൽ വാർത്തകൊടുത്ത റിപ്പോർട്ടറെ അക്രമികൾ വെട്ടിക്കൊന്നു. സംഭവത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയടക്കം നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. തമിഴൻ ടി.വി.യുടെ റിപ്പോർട്ടറായ കുൺട്രത്തൂർ സോമംഗലത്തിനടുത്ത് നല്ലൂർ സ്വദേശി ജി. മോസസാണ് (26) മരിച്ചത്. ചാനലിന്റെ ശ്രീപെരുംപുതൂർ, കുൺട്രത്തൂർ മേഖലയിലെ റിപ്പോർട്ടറായിരുന്നു. മോസസിന്റെ അച്ഛൻ ജ്ഞാനരാജ് യേശുദാസൻ ഒരു ദിനപത്രത്തിൽ റിപ്പോർട്ടറാണ്.

സോമംഗലത്തെ തടാകത്തിന്റെ ഭാഗമായ പുറമ്പോക്ക് സ്ഥലം കൈയേറി വിൽപ്പനനടത്താൻ ചിലർ ശ്രമിച്ചതിനെ നാട്ടുകാർ എതിർത്തിരുന്നു. ജ്ഞാനരാജും മോസസും ഈവിവരം വാർത്തയാക്കി. പിന്നീട് പോലീസിടപെട്ട് കൈയേറ്റം ഒഴിപ്പിച്ചു. ഇതോടെ കൈയേറ്റക്കാർ ജ്ഞാനരാജിനും മോസസിനുമെതിരാവുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തിയ ചിലർ മോസസിനെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. വീടിന് പുറത്തെത്തിയതോടെ സംഘം മോസസിനെ ആക്രമിച്ചു. വീട്ടിലേക്ക് തിരിച്ച് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും അക്രമികൾ വിട്ടില്ല. നിലവിളികേട്ട് ജ്ഞാനരാജും അയൽക്കാരുമെത്തുമ്പോഴേക്ക് പ്രതികൾ രക്ഷപ്പെട്ടിരുന്നു.

മാരകമായി മുറിവേറ്റ മോസസിനെ ക്രോംപെട്ട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് റിയൽ എസ്‌റ്റേറ്റ് വ്യവസായിയായ നവമണി (26), അട്ടൈ വെങ്കടേശൻ (18), വിഗ്നേഷ് (19), മനോജ് (19) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.