ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഭീതിയുടെ നിഴലിൽ. ഞായറാഴ്ച പുതുച്ചേരിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 26 പേരാണ്. പുതുച്ചേരിയിൽമാത്രം 22 പേരും കാരയ്ക്കലിൽ രണ്ടും മാഹി, യാനം മേഖലകളിൽ ഒരോരുത്തരുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കോവിഡ് കാരണമുള്ള മരണസംഖ്യ 965 ആയി ഉയർന്നു.

മാഹി, കാരയ്ക്കൽ, യാനം മേഖലകൾകൂടി ഉൾപ്പെടുന്ന പുതുച്ചേരിയിൽ 13 ലക്ഷത്തോളമാണ് ജനസംഖ്യ. മഹാമാരി ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത രണ്ടുദിവസത്തോടെ മരണസംഖ്യ ആയിരം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ.

ഞായറാഴ്ച പുതുച്ചേരിയിൽ പുതുതായി 1633 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് രോഗികൾ 72,000-ത്തിലേക്ക് ഉയർന്നു. ഇതുവരെയായി 8.56 ലക്ഷം പേർ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. 56,710 പേർക്ക് രോഗം ഭേദപ്പെട്ടിട്ടുണ്ട്. 32,965 ആരോഗ്യപ്രവർത്തകരും 19,458 മുൻനിര പ്രവർത്തകരും ഇതിനകം വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചമുതൽ 24 വരെ പുതുച്ചേരിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.