ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷനെ നിശ്ചയിച്ചതിനു പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കാന്‍ ഹൈക്കമാന്‍ഡ്. കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനും ബൂത്തുതലത്തില്‍ പാര്‍ട്ടിയെ സജ്ജമാക്കാനുമാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കുപിന്നാലെ സംഘടനയിലെ അഴിച്ചുപണിയെക്കുറിച്ച് എ.ഐ.സി.സി. പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, താരിഖ് അന്‍വര്‍, എന്‍. വൈദ്യലിംഗം എന്നിവര്‍ കേരള നേതാക്കളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പുതിയ അധ്യക്ഷന്‍ കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മറ്റു മുതിര്‍ന്ന നേതാക്കളെയും വിശ്വാസത്തിലെടുത്താവും പുനഃസംഘടന. തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ കഴിഞ്ഞ മാസം തിരുവനന്തപുരത്തു ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലും ജംബോ കമ്മിറ്റികള്‍കൊണ്ട് പ്രയോജനം ഒന്നുമുണ്ടായില്ലെന്നായിരുന്നു നേതാക്കളുടെ പൊതുവികാരം.

ഏറെക്കാലമായി കോണ്‍ഗ്രസില്‍ ജംബോ കമ്മിറ്റികളാണ് അരങ്ങുവാഴുന്നത്. അധ്യക്ഷനു പുറമേ 10 വൈസ് പ്രസിഡന്റുമാര്‍, 44 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളടക്കം മൂന്നൂറോളം പേരാണ് കെ.പി.സി.സി. ഭാരവാഹികള്‍. ഇത് 100 ആക്കിയെങ്കിലും ചുരുക്കണമെന്ന് ഖാര്‍ഗെ കമ്മിറ്റിയോട് എം.പി.മാരുള്‍പ്പെടെ വലിയൊരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് ഭാരവാഹികളുടെ എണ്ണം ചുരുക്കാനൊരുങ്ങുന്നത്. ആറു മാസത്തിനുള്ളില്‍ സംഘടനയില്‍ മാറ്റത്തിനാണൊരുക്കം.

മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായശേഷം ആദ്യം തീരുമാനിച്ചത് ജംബോ കമ്മിറ്റികള്‍ ചുരുക്കാനായിരുന്നു. എന്നാല്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദം മുറുകിയപ്പോള്‍ പരിഷ്കരണം നടപ്പാക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഗ്രൂപ്പിനതീതമായി പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവും വര്‍ക്കിങ് പ്രസിഡന്റുമാരും എത്തിയതോടെ ഹൈക്കമാന്‍ഡിന് പുനഃസംഘനാ കാര്യങ്ങളില്‍ ക്രിയാത്മകമായുള്ള ഇടപെടല്‍ എളുപ്പമാക്കിയിട്ടുണ്ട്.