ബെംഗളൂരു: അഭിഭാഷകർക്കും കക്ഷികൾക്കും പൊതുജനങ്ങൾക്കും കോടതിവിവരങ്ങൾ അറിയാൻ ഔദ്യോഗിക ടെലഗ്രാം ചാനൽ തുടങ്ങി കർണാടക ഹൈക്കോടതി. കർണാടക ഹൈക്കോർട്ട് വെർച്വൽ കേസ് ഇൻഫർമേഷൻ സർവീസ് എന്ന ടെലഗ്രാം ചാനലിലൂടെ കേസുകളുടെ പട്ടിക, പ്രധാന ഉത്തരവുകൾ, കോടതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ചും കേസുകളെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രത്യേക ചാറ്റ്‌ബോട്ടും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾ ആവശ്യപ്പെടുന്നതിനുസരിച്ച് ലഭ്യമാക്കാനാണ് ചാറ്റ്‌ബോട്ട് സംവിധാനം.

ഹൈക്കോടതിക്കുപുറമേ 30 ജില്ലാ കോടതികൾക്കുവേണ്ടിയും ടെലഗ്രാം ചാനലുകൾ സജ്ജീകരിച്ചിട്ടുണ്ട്. കോടതികളുമായി ബന്ധപ്പെടുന്നവർ ടെലഗ്രാം ചാനൽ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക പറഞ്ഞു. ഡിജിറ്റൽ കാലഘട്ടത്തിൽ ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ 6500 പേരാണ് ഹൈക്കോടതിയുടെ ടെലഗ്രാം ചാനലിൽ അംഗങ്ങളായിരിക്കുന്നത്. ജില്ലാകോടതികളുടെ ചാനലിൽ അയ്യായിരത്തോളം പേരും അംഗങ്ങളാണ്. കോവിഡ് സാഹചര്യത്തിൽ കോടതികളിൽ നേരിട്ടെത്താതെ ഈ ചാനലുകളിൽനിന്ന് വിവരങ്ങൾ അറിയാൻ കഴിയുമെന്നതാണ് പൊതുജനങ്ങൾക്കുള്ള നേട്ടം. നേരത്തേ സംസ്ഥാനത്തെ മുഴുവൻ കോടതികളിലും വീഡിയോ കോൺഫറൻസ് നടത്താനുള്ള അത്യാധുനികസംവിധാനങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.