ന്യൂഡൽഹി: ബുദ്ധനും മഹാത്മാഗാന്ധിയും ലോകം എക്കാലവും ഓർമിക്കുന്ന രണ്ട് മഹാന്മാരായ ഇന്ത്യക്കാരാണെന്ന വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പരാമർശത്തിനെതിരേ നേപ്പാൾ. ബുദ്ധൻ നേപ്പാൾ സ്വദേശിയാണെന്ന് തെളിയിക്കപ്പെട്ടതും നിഷേധിക്കാനാവാത്തതുമായ വസ്തുതയാണെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ഇന്ത്യയും നേപ്പാളും പങ്കിടുന്ന ബുദ്ധ പൈതൃകത്തെക്കുറിച്ചാണ് വിദേശകാര്യമന്ത്രി പരാമർശിച്ചതെന്നും ബുദ്ധൻ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്നതിൽ സംശയമില്ലെന്നും ഇന്ത്യ മറുപടി നൽകി. ശനിയാഴ്ച സി.ഐ.ഐ. സംഘടിപ്പിച്ച സംവാദത്തിൽ ചോദ്യത്തിനു മറുപടിയായാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ബുദ്ധനെക്കുറിച്ച് പ്രതികരിച്ചത്. ഏതൊക്കെ ഇന്ത്യക്കാരാണ് എക്കാലത്തും ഓർമിക്കപ്പെടുന്നതെന്ന ചോദ്യത്തിനാണ് ബുദ്ധനും മഹാത്മാഗാന്ധിയുമെന്ന് മന്ത്രി പ്രതികരിച്ചത്.

പരാമർശം നേപ്പാളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. മുഖ്യപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് പാർട്ടി, മുൻ പ്രധാനമന്ത്രിയും നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായ മാധവ് കുമാർ നേപ്പാളി തുടങ്ങിയവർ പ്രതിഷേധിച്ചു. ഇതെത്തുടർന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം ജയശങ്കറിന്റെ പ്രസ്താവനക്കെതിരേ പ്രതികരിച്ചു. ഇതോടെയാണ് ഡൽഹിയിൽ വിദേശകാര്യമന്ത്രാലയം വിശദീകരണ പ്രസ്താവന പുറത്തിറക്കിയത്.