മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം നടപടിക്രമങ്ങൾക്കും ഫെഡറൽ തത്ത്വങ്ങൾക്കും വിരുദ്ധമാണെന്ന് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഈ കേസിലെ കേന്ദ്ര നടപടി മഹാരാഷ്ട്ര സർക്കാരിനെതിരായ ഗൂഢാലോചനയാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി. സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മുംബൈ പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കൂട്ടുകാരി റിയ ചക്രവർത്തി നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് സി.ബി.ഐ. അന്വേഷണത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.

പട്‌നയിൽ നിന്നെത്തിയ ഐ.പി.എസ്. ഓഫീസർ വിനയ് തിവാരിക്ക്‌ സമ്പർക്ക വിലക്കേർപ്പെടുത്തിയത് അന്വേഷണത്തെ തടസ്സപ്പെടുത്താനാണെന്ന ആരോപണം മഹാരാഷ്ട്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. മുംബൈ പോലീസ് അന്വേഷിക്കുന്ന കേസിൽ സമാന്തര അന്വേഷണം തുടങ്ങിയ ബിഹാർ പോലീസ് നടപടി ഫെഡറൽ തത്ത്വങ്ങൾക്കു വിരുദ്ധമാണെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാണിക്കുന്നു. മുംബൈ പോലീസ് അന്വേഷിക്കുന്ന കേസ് ബിഹാർ സർക്കാരിന്റെ ശുപാർശ പ്രകാരം സി.ബി.ഐയ്ക്കു കൈമാറിയ കേന്ദ്ര സർക്കാർ നടപടി മഹാരാഷ്ട്രയുടെ സ്വയംഭരണത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് രാജ്യസഭാ എം.പി.യും ശിവസേനാ മുഖപത്രമായ സാമ്‌നയുടെ എക്സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി.