ചെന്നൈ: ഇടുക്കി രാജമല പെട്ടിമുടി ഉരുൾപൊട്ടലിന്റെ വാർത്തയറിഞ്ഞതു മുതൽ തൂത്തുക്കുടി കയാത്തർ ഗ്രാമത്തിലെ ഭാരതിനഗർ പ്രദേശം തേങ്ങുകയാണ്. കാരണം മരിച്ചവരിലും കാണാതായവരിലും ഭൂരിഭാഗവും തങ്ങളുടെ ബന്ധുക്കളാണെന്ന് ഈ ഗ്രാമവാസികൾ പറയുന്നു.

ഭാരതിനഗറിലെ അറുപതോളം കുടുംബങ്ങളിൽനിന്ന് 200-ലധികം പേർ മൂന്നു തലമുറകളായി പെട്ടിമുടിയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നുണ്ട്. ജന്മനാട്ടിലെ കടുത്ത വരൾച്ചയും ക്ഷാമവും കാരണം വർഷങ്ങൾക്കുമുമ്പ് അവർ മൂന്നാറിലെ തേയിലത്തോട്ടങ്ങളിലേക്ക് കുടിയേറുകയായിരുന്നു. കൊച്ചുകൂരകളിൽ, മിതമായ വരുമാനത്തിൽ അവർ ആശ്വാസവും സന്തോഷവും കണ്ടെത്തി. തമിഴ്‌നാട്ടിലെ കൊടുംചൂടിൽനിന്ന് കൊടുംതണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റവും അവിടെ വേരുറപ്പിക്കാൻ കാരണമായി. ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരിൽ പത്തുപേർ ഭാരതിനഗർ സ്വദേശികളാണെന്നു തഹസിൽദാർ ഭാസ്കരൻ അറിയിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ കുടുങ്ങിയതായി സംശയിക്കുന്ന 55 ബന്ധുക്കളുടെ പേരുകൾ ഗ്രാമവാസികൾ നേരത്തേ തഹസിൽദാർക്കു കൈമാറിയിരുന്നു.

കാണാതായവരുടെ പേരുകൾ നോക്കുമ്പോൾ ഭൂരിഭാഗവും തങ്ങളുടെ ബന്ധുക്കളാണെന്നാണ് ഭാരതിനഗറുകാർ പറയുന്നത്. വർഷങ്ങളായി പെട്ടിമുടിയിൽ താമസിക്കുന്നവർ വർഷം തോറും കുടുംബ ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുക്കാൻ നാട്ടിലെത്താറുണ്ടെന്നും അവർ പറഞ്ഞു. ചാനൽ വാർത്തകളിലൂടെയാണ് ഉരുൾപൊട്ടൽ വിവരം ഭാരതിനഗർ നിവാസികൾ അറിയുന്നത്. അന്ന് തുടങ്ങിയ ആധി ഇന്നും തീർന്നിട്ടില്ല.

ലോക്ഡൗൺ സാഹചര്യത്തിൽ ഇ-പാസ് ലഭ്യത പ്രയാസമായതിനാൽ പലർക്കും പെട്ടിമുടിയിലേക്ക് പുറപ്പെടാനായിട്ടില്ല. ഇ-പാസ് ലഭ്യമാക്കാൻ തേനി ജില്ലാ കളക്ടർക്ക് ഇവർ നിവേദനം സമർപ്പിച്ചു. തങ്ങളുടെ ഉറ്റവരുടെ മൃതദേഹം കാണാൻ കേരള, തമിഴ്നാട് സർക്കാരുകൾ സൗകര്യമൊരുക്കണമെന്നാണ് ഇവരുടെ അപേക്ഷ. തങ്ങൾ എത്തുന്നതുവരെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നു.