മൈസൂരു: കുടകിലെ തലക്കാവേരിയിൽ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ നാലുപേർ ഇപ്പോഴും കാണാമറയത്തു തന്നെ. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ചയും തുടർന്നെങ്കിലും വൈകുന്നേരമായിട്ടും ഫലം നിരാശയായിരുന്നു. കനത്ത മഴയും പ്രതികൂലകാലാവസ്ഥയും നേരിട്ടാണ് തിരച്ചിൽ തുടർന്നത്.

തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരി നാരായണ ആചാർ(75), സഹോദരൻ സ്വാമി ആനന്ദതീർഥ(78) ഭാര്യ ശാന്ത(70), ക്ഷേത്രത്തിലെ മറ്റുരണ്ടു പൂജാരികളായ കിരൺ(26), ശ്രീനിവാസ്(30) എന്നിവരെയാണ് ബുധനാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായത്. ഇതിൽ സ്വാമി ആനന്ദതീർഥയുടെ മൃതദേഹം ശനിയാഴ്ചനടന്ന തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്നുതന്നെയാണ് ശനിയാഴ്ച വൈകീട്ട് ആനന്ദതീർഥയുടെ മൃതദേഹം ലഭിച്ചത്. നാരായണ ആചാറിന്റെ വീട്ടിലുണ്ടായിരുന്നവരാണ് ദുരന്തത്തിൽപ്പെട്ടത്. വീട് ഉരുൾപൊട്ടലിൽ ഒലിച്ചുപോകുകയായിരുന്നു.

പ്രതികൂലകാലാവസ്ഥയായതിനാൽ ശനിയാഴ്ച വൈകുന്നേരത്തോടെ നിർത്തിെവച്ച തിരച്ചിൽ ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ദേശീയ ദുരന്തനിവാരണസേനയും അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

ബ്രഹ്മഗിരിമലയിൽ ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് വിവരം പുറംലോകമറിഞ്ഞത്. പക്ഷേ, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയത് ശനിയാഴ്ച മാത്രമാണ്. പ്രദേശത്ത് കനത്ത മഴ തുടർന്നതാണ് തടസ്സമായത്. തലക്കാവേരിയിലേക്കുള്ള റോഡിന്റെ വിവിധയിടങ്ങളിൽ വലിയ രീതിയിൽ മണ്ണിടിഞ്ഞുവീണ് തടസ്സമുണ്ടായതിനാൽ മണ്ണുമാന്തി ഉൾപ്പെടെ സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. റോഡിലെ മണ്ണുനീക്കി വഴിതുറന്നശേഷം ശനിയാഴ്ച രാവിലെയാണ് തിരച്ചിൽ തുടങ്ങിയത്. റവന്യൂമന്ത്രി ആർ. അശോക്, കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ.ശിവകുമാർ എന്നിവർ ഞായറാഴ്ച സ്ഥലം സന്ദർശിച്ചു. മന്ത്രി വി.സോമണ്ണ, എം.എൽ.എ. കെ.ജി.ബൊപ്പയ്യ, എം.എൽ.സി. അപ്പാച്ചു രഞ്ജൻ എന്നിവരും സ്ഥലത്തെത്തി.