ബെംഗളൂരു: കർണാടകത്തിൽ പല ജില്ലകളിലും ശക്തമായ മഴ തുടരുന്നു. വടക്കൻ കർണാടകത്തിലും തീരദേശജില്ലകളിലും പ്രളയഭീതിയിലാണ് ജനം. ശിവമൊഗ, കുടക്, ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷി

ണ കന്നഡ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. പലയിടങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴയിൽ വിവിധ ജില്ലകളിലായി 12 പേർ മരിച്ചു. തീരദേശജില്ലകളിൽ ശക്തമായ കാറ്റ് വീശി. കാറ്റിലും മഴയിലും 270-ഓളം വീടുകൾ തകർന്നു.

ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കുടക്, ശിവമൊഗ, ചിക്കമഗളൂരു. ഹാസൻ എന്നീ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബെംഗളൂരു ചാമരാജ് നഗർ, ബെംഗളൂരു റൂറൽ, മാണ്ഡ്യ, മൈസൂരു, രാമനഗര ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 30 ജില്ലകളിൽ 12 ജില്ലകളിലും ശക്തമായ മഴയാണ്. നാല് ദിവസത്തിനുള്ളിൽ കാർഷികമേഖലയ്ക്കുണ്ടായ നഷ്ടം ലക്ഷങ്ങളാണ്. 70 ദുരിതാശ്വാസ ക്യാമ്പുകളിലായി 1200 പേരെ മാറ്റിപ്പാർപ്പിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വീഡിയോ കോൺഫറൻസിങ് വഴി ജില്ലാ അധികൃതരുമായി ചർച്ച നടത്തി. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയ്ക്കും അഞ്ചുകോടി താലത്‌കാലിക സാമ്പത്തികസഹായം അനുവദിച്ചു. വീട് നഷടപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപയും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് 10,000 രൂപയും സാമ്പത്തികസഹായം അനുവദിച്ചു. കാവേരി, കൃഷ്ണ, കബനി എന്നീ നദികളിൽ ജലവിതാനം ഉയർന്നതിനെത്തുടർന്ന് അണക്കെട്ടുകൾ തറുന്നു. നദീതടപ്രദേശങ്ങളെല്ലാം പ്രളയഭീതിയിലാണ്. മൈസൂരു, നഞ്ചൻകോട് മേഖലകളിൽ മഴ ശക്തമായതോടെ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

കപില നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് മൈസൂരു-ഊട്ടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കബനി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടതാണ് നദി കരകവിഞ്ഞൊഴുകാൻ കാരണം. കുടകിൽ മണ്ണിടിച്ചിൽ വ്യാപകമാണ്. വടക്കൻ കർണാടകത്തിലും മഴ ശക്തമാണ്.