മുംബൈ: മരണമടഞ്ഞ നടൻ സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ കൂട്ടുകാരിയായിരുന്ന റിയ ചക്രവർത്തിയെയും അച്ഛൻ ഇന്ദ്രജിത് ചക്രവർത്തിയെയും തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. സഹോദരൻ ഷോവിക് ചക്രവർത്തിയെ ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച രാവിലെ വരെ ചോദ്യം ചെയ്തിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസിൽ റിയക്കൊപ്പം പ്രതിയായ ഷോവിക്കിനെ തുടർച്ചയായി 18 മണിക്കൂറാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച റിയക്കൊപ്പം അല്പനേരം ചോദ്യംചെയ്ത ശേഷമാണ് ഷോവിക്കിനെ വീണ്ടും വിളിപ്പിച്ചത്. രാവും പകലും നീണ്ട ചോദ്യംചെയ്യലിൽ ഷോവിക് നൽകിയ മൊഴികൾ പലതും തൃപ്തികരമല്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ സാഹചര്യത്തിലാണ് റിയയോടും അച്ഛനോടും തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. സുശാന്തിന്റെ അച്ഛൻ കെ.കെ. സിങ് പട്‌ന പോലീസിന് നൽകിയ പരാതിയിൽ റിയയും സഹോദരനും സുശാന്തും ചേർന്ന് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 15 കോടി രൂപ മാറ്റിയതായി പറഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് റിയാ ചക്രവർത്തിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.

ബിഹാർ പോലീസിന്റെ കേസന്വേഷണം തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീംകോടതി തീർപ്പു കൽപ്പിക്കുന്നതുവരെ തന്നെ ചോദ്യംചെയ്യുന്നത് മാറ്റിവെക്കണമെന്ന് റിയ ചക്രവർത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് അഭ്യർഥിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഇതേത്തുടർന്നാണ് അവർ വെള്ളിയാഴ്ച മൊഴി നൽകാനെത്തിയത്. സുശാന്തിന്റെ പണം തന്റെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിട്ടില്ലെന്നാണ് ആദ്യത്തെ ചോദ്യം ചെയ്യലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റിയ മൊഴി നൽകിയത്. അടുത്തയിടെ വസ്തുവകകൾ വാങ്ങിയത് തന്റെ സ്വന്തം വരുമാനവും ബാങ്ക് വായ്പയും ഉപയോഗിച്ചാണെന്ന് റിയ പറഞ്ഞു. 85 ലക്ഷം രൂപയും 60 ലക്ഷം രൂപയും വില വരുന്ന വസ്തുക്കളാണ് ഇവ.