ന്യൂഡൽഹി: ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ ഉൾപ്പെടെയുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഇവ തദ്ദേശീയമായി നിർമിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായേർപ്പെടുത്തുന്ന നിരോധനം 2025-ഓടെ പൂർണമാകും.

സ്നൈപ്പർ റൈഫിൾ, അസോൾട്ട് റൈഫിൾ, പീരങ്കി, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ബാലിസ്റ്റിക് ഹെൽമെറ്റ്, അന്തർവാഹിനിവേധ റോക്കറ്റ്, ലഘു യുദ്ധ ഹെലിക്കോപ്റ്റർ, 250-500 കിലോഗ്രാം ഭാരമുള്ള ബോംബ്, ലഘു ചരക്കുവിമാനം, ടാങ്ക് വേധ കുഴിബോംബ്, പരമ്പരാഗത അന്തർവാഹിനി, ലഘു റോക്കറ്റ് ലോഞ്ചർ, ബേസിക് പരിശീലന വിമാനം, റഡാർ, കവചിത വാഹനം തുടങ്ങിയവ നിരോധിക്കുന്നവയിൽ ഉൾപ്പെടും.

കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 2015 മുതൽ 2020 വരെ 1.3 ലക്ഷം കോടി രൂപ വീതമാണ് രാജ്യം ചെലവിടുന്നത്. ഇക്കാലയളവിൽ നാവികസേനയ്ക്കായി 1.4 ലക്ഷം കോടി രൂപയും ചെലവഴിച്ചു. ഇത്തരത്തിൽ മൂന്നുസേനകൾക്കുമായി 260 ഉത്പന്നങ്ങൾ വാങ്ങാൻ 3.5 ലക്ഷം കോടി രൂപയാണ് ചെലവിടേണ്ടിവരുന്നത്. നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ അടുത്ത ഏഴുവർഷങ്ങൾക്കുള്ളിൽ ആഭ്യന്തര പ്രതിരോധവിപണിയിൽ നാലുലക്ഷം കോടി രൂപ ചെലവിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിലൂടെ അവ തദ്ദേശീയമായി നിർമിക്കാൻ രാജ്യത്തെ പ്രതിരോധ വ്യവസായസ്ഥാപനങ്ങൾക്ക് വലിയ അവസരം ലഭിക്കും. ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്താൻ സാധിക്കുന്ന കൂടുതൽ ഉത്പന്നങ്ങൾ കണ്ടെത്താൻ സൈനികതലത്തിൽ ചർച്ച പുരോഗമിക്കുകയാണ്. നിരോധിച്ച ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരോധനം ഇങ്ങനെ

2020 69 ഉത്പന്നങ്ങൾ

2021 11

2022 4

2023 8

2024 8

2025 ദീർഘദൂര ക്രൂസ് മിസൈൽ