ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്ന് എം.എൽ.എ.മാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മധുര ജില്ലയിലെ ചോഴവന്താൻ മണ്ഡലത്തിലെ എം.എൽ.എ. കെ. മാണിക്യം, തിരുച്ചിറപ്പള്ളി ജില്ലയിലെ മണചനല്ലൂർ എം.എൽ.എ. പരമേശ്വരി മുരുകൻ, പഴനി മണ്ഡലത്തിലെ എം.എൽ.എ. ഐ.പി. സെന്തിൽകുമാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച എം.എൽ.എ.മാരുടെ എണ്ണം 30 ആയി. നാല് മന്ത്രിമാരടക്കം 27 നിയമസഭാംഗങ്ങൾക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ മരിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ച എം.എൽ.എ.മാരിൽ മാണിക്യം, പരമേശ്വരി എന്നിവർ എ.ഐ.എ.ഡി.എം.കെ.ക്കാരാണ്. സെന്തിൽകുമാർ ഡി.എം.കെ. എം.എൽ.എ.യാണ്. ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മാണിക്യം സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് കോവിഡ് പരിശോധന നടത്തുകയായിരുന്നു. മധുരയിലെ സ്വകാര്യാശുപത്രിയിൽ കഴിയുന്ന എം.എൽ.എ.യ്ക്ക് കാര്യമായ രോഗലക്ഷണങ്ങളില്ല. സെന്തിൽകുമാർ രോഗലക്ഷണത്തെത്തുടർന്ന് സ്വയം സമ്പർക്കവിലക്കിൽ പോകുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മധുരയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. തിരുച്ചിറപ്പള്ളിയിലുള്ള സ്വകാര്യാശുപത്രിയിലാണ് പരമേശ്വരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.