മുംബൈ: കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ ശബ്ദ പരിശോധനാ സംവിധാനം പരീക്ഷിക്കാനൊരുങ്ങി ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.). ഗൊരേഗാവിലെ നെസ്കോ ഗ്രൗണ്ടിലുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ആയിരം പേരിലായിരിക്കും പരീക്ഷണപരിശോധന. നിർമിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന സംവിധാനമാണിത്. കോവിഡ് ലക്ഷണമുള്ളവർക്കും സ്ഥിരീകരിച്ചിട്ടുള്ളവർക്കും പരിശോധന നടത്തും. ഇതോടൊപ്പം ആർ.ടി. - പി.സി.ആർ. പരിശോധനയും ഇവർക്കായി നടത്തും. ഇതു താരതമ്യം ചെയ്ത ശേഷമായിരിക്കും പരിശോധന തുടരണമോ എന്ന് തീരുമാനിക്കുകയെന്ന് അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ സുരേഷ് കകാനി വ്യക്തമാക്കി.

അടുത്തയാഴ്ച പുതിയ പരിശോധനാ സംവിധാനം സജ്ജമാകും. നവി മുംബൈ എൻജിനിയറിങ് കോളേജിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് 2008-ൽ തയ്യാറാക്കിയ ശബ്ദ വിശകലന സംവിധാനം പരിഷ്കരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഐ.ഐ.ടി.യും ഇതിന് സഹായം നൽകുന്നുണ്ട്. ഇറ്റലി, ഫ്രാൻസ് അടക്കം ചില യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് കണ്ടെത്താൻ ശബ്ദ പരിശോധന നടത്തിയിരുന്നു.

പ്രവർത്തനം

കോവിഡ് സംശയിക്കുന്ന ആളെക്കൊണ്ട് ശബ്ദ വിശകലന ആപ്പ് ഇൻസ്റ്റാൾ ചെയ്ത സെൽഫോണിൽ അല്ലെങ്കിൽ കംപ്യൂട്ടറിൽ സംസാരിപ്പിക്കും. ഈ ശബ്ദ സാംപിൾ നിർമിതബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്ത് ശബ്ദ തരംഗങ്ങളിലെയും ഘടകങ്ങളിലെയും വ്യത്യാസം തിരിച്ചറിഞ്ഞാണ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. കോവിഡ് വൈറസ് ശ്വാസകോശത്തെയും ശ്വാസഗതിയെയുമാണ് ബാധിക്കുന്നതെന്നതിനാൽ ശബ്ദത്തിൽ വേഗം വ്യതിയാനമുണ്ടാകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. പുതിയ പരിശോധനാ രീതി എന്ന നിലയിൽ ബി.എം.സി. തന്നെ മുൻകൈയെടുത്താണ് ഇത് നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ തുടക്കത്തിൽ ആർ.ടി. - പി.സി.ആർ. പരിശോധന നടത്തി ഇതിന്റെ ആധികാരികത ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.

പരിശോധന സംവിധാനത്തിൽ കോവിഡ് ബാധിതരുടെയും അല്ലാത്തവരുടെയും ഉൾപ്പെടെ ആയിരക്കണക്കിന് പേരുടെ ശബ്ദം ശേഖരിച്ചിട്ടുണ്ട്. ഇതുമായിട്ടാകും പരിശോധനയ്ക്കു വിധേയമാകുന്നവരുടെ ശബ്ദം താരതമ്യം ചെയ്യുക. അസുഖ ബാധിതനാകുമ്പോൾ ശബ്ദവ്യത്യാസമുണ്ടാവാം. നിർമിതബുദ്ധിയുടെ വിശകലനത്തിലൂടെ ഈ വ്യതിയാനം വേഗത്തിൽ തിരിച്ചറിയാനാകും.