അഹമ്മദാബാദ്: ഷിപ്പിങ് മന്ത്രാലയത്തിന്റെ പേര് തുറമുഖ, ഷിപ്പിങ്, ജലപാതാ മന്ത്രാലയമെന്നു മാറ്റി. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ഘോഘയെയും സൂറത്തിലെ ഹസീറയെയും ബന്ധിപ്പിക്കുന്ന കടത്തുസേവനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യമറിയിച്ചത്. ഞായറാഴ്ച വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.

“വികസിത രാജ്യങ്ങളിൽ ഷിപ്പിങ് മന്ത്രാലയമാണ് തുറമുഖങ്ങളുടെയും ജലപാതകളുടെയും കാര്യം നോക്കുന്നത്. ഇന്ത്യയിലും ഇതുസംബന്ധിച്ച ഒട്ടേറെക്കാര്യങ്ങൾ മന്ത്രാലയം ചെയ്യുന്നുണ്ട്. അതിനാൽ വ്യക്തതയ്ക്കായാണ് പേരുമാറ്റം”-അദ്ദേഹം പറഞ്ഞു.

പുതിയ കടത്തു സർവീസ് വന്നതോടെ ഘോഘയും ഹസീറയും തമ്മിലുള്ള സഞ്ചാര ദൂരം നാലു മണിക്കൂറായി കുറയും. റോഡ് മാർഗമുള്ള യാത്രയ്ക്ക് 10-12 മണിക്കൂറാണെടുക്കുക. മൂന്നു നിലയുള്ള ചങ്ങാടമാണ് ഇവിടെ സർവീസ് നടത്തുക. വർഷം അഞ്ചുലക്ഷം യാത്രക്കാർക്കും 80,000 യാത്രാവാഹനങ്ങൾക്കും, 50,000 ഇരുചക്രവാഹനങ്ങളും 30,000 ട്രക്കുകളും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. പരിപാടിയിൽ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവർ പങ്കെടുത്തു.