ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽനിന്നായി 93.55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ കുടക് സ്വദേശി മുഹമ്മദ് (25), ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി വെങ്കടേഷ് (27), ഹൊന്നവാർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (24) എന്നിവരെ അറസ്റ്റുചെയ്തു. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാത്രിക്കുമിടയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.

വ്യാഴാഴ്ച ദുബായിയിൽനിന്നെത്തിയ കുടക് സ്വദേശി മുഹമ്മദിൽനിന്ന് 2.37 കിലോഗ്രാം സ്വർണമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്വർണം കുഴമ്പുരൂപത്തിലാക്കി കാൽമുട്ടുകവചത്തിലാണ് ഒളിപ്പിച്ചിരുന്നത്. സ്വർണം ദ്രവരൂപത്തിലാക്കിയപ്പോൾ 1.43 കിലോഗ്രാമായി കുറഞ്ഞെന്നും 73 ലക്ഷം രൂപ വിലമതിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച കുവൈത്തിൽനിന്നെത്തിയ കടപ്പ സ്വദേശി വെങ്കടേഷിൽനിന്ന് 7.78 ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാമിന്റെ സ്വർണമാലയാണ് പിടിച്ചെടുത്തത്. ഹൊന്നവാർ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയും വെള്ളിയാഴ്ചയാണ് പിടികൂടിയത്. ദുബായിയിൽനിന്നെത്തിയ അഷ്‌റഫ് സ്വർണം കുഴമ്പുരൂപത്തിലാക്കി ചെരിപ്പിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. 250 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തതെന്നും 12.77 ലക്ഷം രൂപ വിലമതിക്കുന്നതാണിതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.