ന്യൂഡൽഹി : മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമിയുടെ രാജിക്കിടയാക്കിയ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകുന്നത് തത്കാലം തടഞ്ഞുവെക്കാൻ കേന്ദ്ര സർക്കാരിന് കേന്ദ്ര വിവരാവകാശ കമ്മിഷൻ അനുമതി നൽകി. ഒരു മുൻമന്ത്രിയെ സി.ബി.ഐ. അറസ്റ്റ് ചെയ്യുന്നത് തടയാൻ അനിൽ ഗോസ്വാമി ശ്രമിച്ചതിനെത്തുടർന്ന് സർക്കാർ അദ്ദേഹത്തോട് രാജിയാവശ്യപ്പെടുകയായിരുന്നു.

2015-ലാണ് അനിൽ ഗോസ്വാമിയോട് രാജിവെക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിന്റെ വിവരങ്ങളാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അനുരാഗ് ഠാക്കൂർ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്. വിവരങ്ങൾ തത്കാലം നൽകേണ്ടതില്ലെന്ന കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനാണ് കമ്മിഷൻ അംഗീകാരം നൽകിയത്. ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് ബന്ധപ്പെട്ട സമിതി നടത്തുന്ന വിലയിരുത്തലുകളും ഫയൽ കുറിപ്പുകളും കൈമാറേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി മറ്റൊരു കേസിൽ നൽകിയ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് കമ്മിഷൻ നിലപാട് കൈക്കൊണ്ടത്.