ന്യൂഡൽഹി: അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും ബി.ജെ.പി.യും കോൺഗ്രസും അഭിനന്ദിച്ചു. ജനാധിപത്യത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ-അമേരിക്ക ബന്ധം നിലനിൽക്കുന്നതെന്നും പ്രധാനമന്ത്രി മോദിയും ബൈഡനും ചേർന്ന് അത് പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്നും ബി.ജെ.പി. അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ബൈഡനും കമലയ്ക്കും അഭിനന്ദനസന്ദേശം അയച്ചു.

ഒബാമഭരണകാലത്തുതന്നെ ബൈഡനും മോദിയും തമ്മിൽ പരിചയമുണ്ടെന്നും ഇരുവരും ചേർന്ന് ഉഭയകക്ഷിബന്ധം മുന്നോട്ടു കൊണ്ടുപോകുമെന്നും ബി.ജെ.പി. നേതാവ് രാം മാധവ് പറഞ്ഞു. ആഗോളസമാധാനത്തിനും ജനാധിപത്യമൂല്യങ്ങളിലും കെട്ടിപ്പടുത്തതാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം. ബൈഡൻ-കമലാ ഹാരിസ് ഭരണകാലത്ത് അത് കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷയെന്ന് രാം മാധവ് അഭിപ്രായപ്പെട്ടു.

പുതിയ ഭരണകൂടത്തിനുകീഴിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിയായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി സോണിയാഗാന്ധി അഭിനന്ദനസന്ദേശത്തിൽ പറഞ്ഞു. ജനങ്ങൾക്കിടയിലെ വിഭജനം അകറ്റുന്നതിനും ലിംഗസമത്വം ഉറപ്പിക്കുന്നതിനും വംശീയതുല്യത ഉറപ്പുവരുത്തുന്നതിനും ആഗോളസഹകരണം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകിയുള്ള ബൈഡന്റെ സമീപനം ആദരണീയമാണെന്ന് സോണിയ കത്തിൽപറഞ്ഞു. അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യം, സാമൂഹികനീതി, ലിംഗസമത്വം, വംശതുല്യത തുടങ്ങിയ മൂല്യങ്ങളുടെ വിജയമാണ് കമലയുടെ വിജയമെന്നും സോണിയ അഭിപ്രായപ്പെട്ടു.