ന്യൂഡൽഹി : മുതിർന്ന ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനിക്ക് 93-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിയും നേതാക്കളും ആശംസകൾ നേർന്നു.

രാജ്യത്തിന്റെ വികസനത്തിന് നിർണായക സംഭാവനകൾ നൽകിയ നേതാവാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പറഞ്ഞു. ജനങ്ങൾക്കും ബി.ജെ.പി. പ്രവർത്തകർക്കും നിത്യപ്രേരണയാണ് അദ്വാനിയെന്ന് മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ വീട്ടിലെത്തി അദ്ദേഹത്തെ ആശംസകൾ അറിയിച്ചു.

കഠിനാധ്വാനത്തിലൂടെ അദ്വാനി രാജ്യത്തിന്റെ വികസനത്തിനു മാത്രമല്ല, പാർട്ടിയുടെ വളർച്ചയ്ക്കും നിസ്തുല സംഭാവന നൽകിയെന്ന് അമിത് ഷാ ട്വിറ്ററിൽ പ്രതികരിച്ചു. ബി.ജെ.പി.യെ വളർത്തിയെടുത്തതിൽ അദ്വാനിക്കും വാജ്‌പേയിക്കുമുള്ള പങ്ക് രാജ്യത്തിനു മുഴുവനും അറിയാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന് ആശംസ നേർന്നു.