ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ മാക്കിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. കരസേനാ ക്യാപ്റ്റനും രണ്ടു സൈനികർക്കും ഒരു ബി.എസ്.എഫ്. ജവാനുമാണ് ജീവൻനഷ്ടപ്പെട്ടത്. മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്.

ശനിയാഴ്ച രാത്രി ഒരുമണിയോടെ പതിവു റോന്തുചുറ്റലിനിടെയാണ് നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റം ബി.എസ്.എഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുള്ള വെടിവെപ്പിൽ ഭീകരനും ജവാനും കൊല്ലപ്പെട്ടു. പുലർച്ചെ നാലോടെ വെടിവെപ്പ് അവസാനിച്ചെങ്കിലും നേരം വെളുത്തതോടെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിരീക്ഷണോപകരങ്ങളുടെ സഹായത്തോടെ ഭീകരരുടെ നീക്കം മനസ്സിലാക്കി. 10.20-ഓടെ വീണ്ടും വെടിവെപ്പുണ്ടായി. ഇതിലാണ് രണ്ടു ഭീകരരും മൂന്നു സൈനികരും മരിച്ചതെന്ന് സൈനിക വക്താവ് രാജേഷ് കാലിയ അറിയിച്ചു. ഭീകരരിൽനിന്ന് എ.കെ.47 തോക്ക്, രണ്ട് ബാഗുകൾ എന്നിവ കണ്ടെടുത്തു.