ന്യൂഡൽഹി: ജോ ബൈഡൻ-കമലാ ഹാരിസ് ഭരണകൂടത്തെ പ്രതീക്ഷകളോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. എച്ച്1 ബി വിസയിലെ ഇളവുകൾ, ഗ്രീൻകാർഡുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയ ഇന്ത്യയിലെ ആയിരക്കണക്കിന് അതിവിദഗ്ധ പ്രൊഫഷണലുകൾക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

ഉഭയകക്ഷിബന്ധത്തെ ബൈഡൻ ഭരണകൂടം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഒബാമ ഭരണകാലത്ത് ഇന്ത്യയുടെ അമേരിക്കയിലെ അംബാസഡറായിരുന്നു. ഇപ്പോഴത്തെ നയതന്ത്രപ്രതിനിധി തരൻജിത് സിങ് സന്ധുവും അക്കാലത്ത് ജയശങ്കറിന്റെ തൊട്ടുതാഴെയുണ്ടായിരുന്നു. ഇരുവരും നിയുക്ത പ്രസിഡന്റിന്റെ അടുത്ത ഉപദേശകരുമായി നേരത്തേതന്നെ ചർച്ചകൾ ആരംഭിച്ചിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞ ജൂണിൽ ട്രംപ് ഭരണകൂടം എച്ച്-1 ബി വിസയും മറ്റ് വിദേശ തൊഴിൽവിസകളും 2020 അവസാനംവരെ റദ്ദാക്കിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു.

കോവിഡ് ലോക്ഡൗൺമൂലം അമേരിക്കക്കാർക്കുണ്ടാകുന്ന തൊഴിൽ നഷ്ടം പരിഹരിക്കാനായിരുന്നു നടപടി. ഇത് പുതിയ ഭരണകൂടം തിരുത്താനാണ് സാധ്യത. ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഗുണകരമാകുന്ന തീരുമാനമാണിത്.

ഭീകരവാദത്തിനെതിരേ ബൈഡൻ ഭരണകൂടം കടുത്ത നിലപാട് കൈക്കൊള്ളുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്പിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്കുശേഷം സമീപനം കർശനമാക്കാനാണ് സാധ്യതയെന്ന് ഇന്ത്യ വിലയിരുത്തുന്നുണ്ട്. ചൈനക്കെതിരേ പ്രത്യക്ഷത്തിൽ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും ചൈന ഭാവിയിൽ ഭീഷണിയാണെന്ന സമീപനം ബൈഡൻ ഭരണകൂടവും തുടർന്നേക്കുമെന്നും നയതന്ത്രവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബൈഡനെയും കമലാ ഹാരിസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഒരുമിച്ചുപ്രവർത്തിക്കാമെന്ന് ബൈഡനുനൽകിയ സന്ദേശത്തിൽ മോദി പറഞ്ഞു. കമലയുടെ വിജയം എല്ലാ ഇന്ത്യൻ അമേരിക്കക്കാർക്കും അഭിമാനമാണെന്ന് കമലാ ഹാരിസിന് നൽകിയ അഭിനന്ദനസന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കമലയുടെ പിന്തുണയിൽ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഇരുനേതാക്കളെയും അഭിനന്ദനമറിയിച്ചു.