കൊൽക്കത്ത: ഗോത്രവർഗ മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ അമിത് ഷായുടെ സന്ദർശനത്തിനിടെ ബിർസാ മുണ്ടയുടെ പ്രതിമയിൽ മാല ചാർത്തൽ ചടങ്ങ് സംഘടിപ്പിച്ച ബംഗാൾ ബി.ജെ.പി. പുലിവാല് പിടിച്ചു. ബാങ്കുറ ജില്ലയിൽ ദേശീയപാതാ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദേശീയപാതാ അതോറിറ്റി സ്ഥാപിച്ച ഒരു പ്രതിമയിലാണ് മുണ്ടെയുടേതെന്ന് കരുതി മാലയിട്ടത്. ഇത് മുണ്ടെയെ അപമാനിക്കലാണെന്ന് ഗോത്രവർഗ നേതാക്കൾ കുറ്റപ്പെടുത്തി.

അമിത് ഷാ എത്തുന്നതിന് അരമണിക്കൂർ മുൻപ് ബി.ജെ.പി. നേതാക്കൾ എത്തി പ്രതിമയിൽ മാലയിട്ടപ്പോൾ അത് മുണ്ടയുടെ പ്രതിമയല്ലെന്ന് ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് ധൃതിയിൽ ബിർസ മുണ്ടയുടെ ഛായാചിത്രം വരുത്തിച്ച് പ്രതിമയ്ക്ക് താഴെ വെച്ചു. അമിത് ഷാ ചിത്രത്തിൽ മാല ചാർത്തുകയും പ്രതിമയ്ക്ക് പുഷ്പാർച്ചന നടത്തുകയും ചെയ്തു.

ചിത്രം ബിർസ മുണ്ടയുടേതായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അങ്ങനെ കണക്കാക്കി ആഭ്യന്തര ന്ത്രി അമിത് ഷാ മാലയിട്ടതാണെന്നും ഇതോടെ അത് മുണ്ടയുടെ പ്രതിമ ആയി മാറിയെന്നുമുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ന്യായീകരണം കൂടുതൽ പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. ബി.ജെ.പി. നേതാക്കൾ തെറ്റ് സമ്മതിക്കുന്നതിന് പകരം കൂടുതൽ അപമാനിക്കുകയാണെന്ന് ഭാരത് ജക്കാത്ത് മാജി പർഗാനാ മഹൽ എന്ന ആദിവാസി സംഘടനയുടെ നേതാവ് സാംഗിണി ഹെബ്രാം കുറ്റപ്പെടുത്തി.