ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ടും കേന്ദ്രവിജ്ഞാപനവും നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. കേരളം ഉൾപ്പെടെ ആറുസംസ്ഥാനങ്ങളിലെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട മേഖലകൾ പരിസ്ഥിതി ദുർബല മേഖലകളാക്കുന്നതിനെതിരേ കർഷകശബ്ദം എന്ന സന്നദ്ധസംഘടനയാണ് അഡ്വ. സുവിദത്ത് സുന്ദരംവഴി സുപ്രീംകോടതിയെ സമീപിച്ചത്.

കേരളം, തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിലായി 56,825 ചതുരശ്ര കിലോമീറ്റർ മേഖലയെ പരിസ്ഥിതിദുർബലപ്രദേശങ്ങളാക്കുന്ന 2018 ഒക്ടോബർ മൂന്നിലെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളംപോലെ ജനസാന്ദ്രത കൂടുതലുള്ള സ്ഥലത്ത് പരിസ്ഥിതി ദുർബലമേഖലകൾ പ്രഖ്യാപിക്കുമ്പോൾ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാവും. അതിനാൽ വിജ്ഞാപനത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.