ന്യൂഡൽഹി : ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷമുള്ള നീക്കങ്ങൾ എന്തായിരിക്കണമെന്നും രാഷ്ട്രീയപാർട്ടികൾ ആലോചന തുടങ്ങി. എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ മഹാസഖ്യം ക്യാമ്പിലാണ് ചലനങ്ങളേറെയും.

രാഷ്ട്രീയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുർജേവാല, അവിനാശ് പാണ്ഡെ എന്നിവരെ പാർട്ടിയധ്യക്ഷ സോണിയാഗാന്ധി നിയോഗിച്ചു.

ബിഹാർ തിരഞ്ഞെടുപ്പ് ഫലം ദേശീയതലത്തിലും നിർണായകമാണ്. മോദി സർക്കാരിന്റെ ഹിതപരിശോധന എന്ന നിലയിൽ ബി.ജെ.പി.ക്കും പ്രതിപക്ഷ കൂട്ടായ്മയുടെ പരീക്ഷണമെന്ന നിലയിൽ എതിർപക്ഷത്തിനും ഒരുപോലെ പ്രധാനം. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കും ചൂണ്ടുപലകയാകും.

ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ്് പോൾ ഫലങ്ങളെല്ലാം മഹാസഖ്യത്തിനാണ് ബിഹാറിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ഇവ തെറ്റാണെന്ന് ചൊവ്വാഴ്ച തെളിയുമെന്ന് ജെ.ഡി.യു. വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പട്‌നയിൽ പറഞ്ഞു. 3.9 കോടി പേർ വോട്ട് ചെയ്തു. ഇതിൽ ചെറിയ ശതമാനത്തിന്റെ അഭിപ്രായമെടുത്ത് തിരഞ്ഞെടുപ്പ് ഫലമാണെന്ന് അവകാശപ്പെട്ടാൽ അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി. വക്താവ് പ്രേം രഞ്ജൻ പട്ടേൽ പറഞ്ഞു.

ഇക്കുറി ബിഹാർ വോട്ട് ചെയ്തത് മാറ്റത്തിന് വേണ്ടിയാണെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അഭിപ്രായപ്പെട്ടു.