മുംബൈ: കോവിഡ് പ്രതിരോധകുത്തിവെപ്പിന്റെ രജിസ്‌ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിന് സംസ്ഥാനങ്ങളെ സ്വന്തമായി മൊബൈൽ ആപ്പ് വികസിപ്പിക്കാൻ അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ കോവിൻ ആപ്പ് സാങ്കേതികപ്രശ്നങ്ങൾകാരണം പലപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ കോവിൻ വെബ്‌സൈറ്റ് വഴിയാണ് ഇപ്പോൾ കോവിഡ് പ്രതിരോധകുത്തിവെപ്പിന് രജിസ്റ്റർചെയ്യേണ്ടത്. ആദ്യഘട്ടത്തിൽ സുഗമമായി പ്രവർത്തിച്ച സൈറ്റിൽ പതിനെട്ടുവയസ്സിനു മുകളിലുള്ളവരുടെ രജിസ്‌ട്രേഷൻകൂടി തുടങ്ങിയതോടെ സാങ്കേതികപ്രശ്നങ്ങൾ പതിവായിട്ടുണ്ട്. തിരക്കുകാരണം പലപ്പോഴും രജിസ്‌ട്രേഷൻ നടക്കുന്നില്ല. വാക്സിനേഷൻകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനും പ്രയാസമുണ്ട്. സംസ്ഥാനങ്ങൾ നേരിട്ടുവാങ്ങിയ വാക്സിൻകൂടി ഉപയോഗിക്കുമ്പോൾ ഈ സൈറ്റിന്റെ ഉപയോഗം കൂടുതൽ പ്രയാസകരമാവുമെന്ന് ഉദ്ധവ് ശനിയാഴ്ചയെഴുതിയ കത്തിൽ അഭിപ്രായപ്പെട്ടു.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളെ സ്വന്തമായി ആപ്പ് വികസിപ്പിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ ഓരോ സംസ്ഥാനത്തിനും വേണ്ടി കേന്ദ്രംതന്നെ പ്രത്യേകം കോവിൻ ആപ്പ് തയ്യാറാക്കണം. ഇതിലെ വിവരങ്ങൾ തത്സമയം കേന്ദ്രസർക്കാരിന്റെ സൈറ്റുമായി പങ്കുവെച്ചാൽ മതി. അങ്ങനെ ചെയ്താൽ, രജിസ്‌ട്രേഷനും വാക്സിനേഷൻകേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പും കുറേക്കൂടി സുഗമമായി നടക്കുമെന്ന് ഉദ്ധവ് കത്തിൽ ചൂണ്ടിക്കാണിച്ചു. വ്യത്യസ്തനിർമാതാക്കളിൽനിന്ന് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വാക്സിൻക്ഷാമം പരിഹരിക്കാൻ വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ കോവിഡ് പ്രതിരോധനടപടികളെക്കുറിച്ച് ആരായുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ധവ് താക്കറെയുമായി ടെലിഫോണിൽ സംസാരിച്ചു. കോവിഡിന്റെ രണ്ടാംതരംഗത്തെ മഹാരാഷ്ട്ര നേരിടുന്ന രീതിയേയും മൂന്നാം തരംഗത്തെ നേരിടുന്നതിന് എടുത്ത തയ്യാറെടുപ്പുകളെയും പ്രധാനമന്ത്രി പ്രശംസിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് നൽകുന്ന മാർഗനിർദേശങ്ങൾക്കും സഹായത്തിനും ഉദ്ധവ് പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞു.